ഒമിക്രോണിലൂടെ യൂറോപ്പില്‍ കൊവിഡ് വ്യാപനം അവസാനിച്ചേക്കും : ലോകാരോഗ്യ സംഘടന
ഈ വര്‍ഷം അവസാനം കൊവിഡ് വീണ്ടും വന്നേക്കുമെങ്കിലും മഹാമാരിയായി മാറാന്‍ സാധ്യതയില്ല
ഒമിക്രോണ്‍ വകഭേദത്തോടെ യൂറോപ്പില്‍ കൊവിഡ് വ്യാപനം അവസാനിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. യൂറോപ്പിലെ ലോകാരോഗ്യ സംഘടനയുടെ ചെയര്‍മാന്‍ ഹാന്‍സ് ക്ലൂഗെ ആണ് ഇക്കാര്യം അറിയിച്ചത്. ഒമിക്രോണ്‍ കൊവിഡ് മഹാമാരിയെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് മാസത്തോടെ യുറോപ്പിലെ 60 ശതമാനം പേര്‍ക്കും ഒമിക്രോണ്‍ ബാധിക്കും. ഇപ്പോഴത്തെ ഒമിക്രോണ്‍ വ്യാപനത്തിന് ശേഷം, രോഗത്തില്‍ നിന്നും വാക്‌സിനേഷനില്‍ നിന്നും ജനങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിരോധ ശേഷി മാസങ്ങളോളം നിലനില്‍ക്കും. ഈ വര്‍ഷത്തിന്റെ അവസാനം കൊവിഡ് വീണ്ടും വന്നേക്കുമെങ്കിലും അത് ഒരു മഹാമാരിയായി മാറില്ലെന്നും ഹാന്‍സ് ക്ലൂഗെ വ്യക്തമാക്കി.
യുഎസിലെ പ്രമുഖ ശാസ്ത്രഞ്ജനും പ്രസിഡന്റ് ജോ ബൈഡന്റെ ഉപദേശകനുമായ ആന്റണി ഫൗസിയും സമാനമായ ശുഭാപ്തി വിശ്വസം പ്രകടിപ്പിച്ചിരുന്നു. യുഎസിന്റെ വടക്ക്-കിഴക്കന്‍ മേഖലയില്‍ കൊവിഡ് കേസുകള്‍ കുറയുകയാണ്. ആഫ്രിക്കയിലും, ഒമിക്രോണ്‍ അതിന്റെ ഉന്നതിയിലെത്തിയ ശേഷം രോഗവ്യാപനവും മരണവും കുറയുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
ഡെല്‍റ്റയെക്കാള്‍ വ്യാപന ശേഷിയുള്ള വകഭേദമായിട്ടും വാക്‌സിനേഷന്‍ മൂലം ഒമിക്രോണ്‍ ഭൂരിഭാഗത്തേയും തീവ്രമായി ബാധിച്ചില്ല. മഹാമാരിയില്‍ നിന്ന് പനിപോലുള്ള ഒരു രോഗമായി കൊവിഡ് മാറുകയാണ്. അതേ സമയം കൊവിഡ് പൂര്‍ണമായും അവസാനിച്ചു എന്ന് കരുതാനാവില്ലെന്നും പുതിയ വകഭേദങ്ങള്‍ ഉണ്ടാകുമെന്നും ഹാന്‍സ് ക്ലൂഗെ മുന്നറിയപ്പ് നല്‍കി.
നിലവിലുള്ള വാക്‌സിനുകള്‍ ഉപയോഗിച്ച് തന്നെ ഭാവിയില്‍ വരാന്‍ സാധ്യതയുള്ള വകഭേദങ്ങളെയും പ്രതിരോധിക്കാനാവുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. നാലാം ഡോസ് വാക്‌സിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഓരോ വാക്‌സിന്‍ കുത്തിവെപ്പിനും ശേഷം പ്രതിരോധ ശേഷി കൂടുന്നുണ്ട് എന്നാണ് ഹാന്‍സ് ക്ലൂഗെ മറുപടി നല്‍കിയത്.