പാലക്കാട് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം
ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. തീ പൂര്‍ണമായും അണച്ചിട്ടില്ല
പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി. അപകടത്തില്‍ പത്തനംതിട്ട സ്വദേശി അരവിന്ദന്‍ (22) മരിച്ചു. പുലര്‍ച്ചെ അഞ്ച് മണിയോടെ വലിയ സ്‌ഫോടനത്തോടെയാണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന.
പരിക്കേറ്റ മൂന്നുപേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം ഒരു മണിക്കൂര്‍ കൊണ്ടാണ് തീ അണച്ചത്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. രാത്രി വൈകിയും പുലര്‍ച്ചെയുമെല്ലാം കമ്പനിയില്‍ ജീവനക്കാരുണ്ടാകാറുണ്ട്.
സുരക്ഷാ വീഴ്ചയുണ്ടായാല്‍ ഫാക്ടറിക്കെതിരെ നടപടിയെടുക്കുമെന്ന് സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ എസ്.ചിത്ര പറഞ്ഞു. അപകടത്തെക്കുറിച്ച് പോലീസും മലിനീകരണ നിയന്ത്രണ ബോര്‍ഡും അന്വേഷണം ആരംഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു