ഫേസ്ബുക്കും ബംഗളൂരുവിലെ ഈ ബേക്കറിയും തമ്മില്‍ എന്താണ് ബന്ധം
ഫേസ്ബുക്ക് എന്ന പേരില്‍ നാട്ടുംപുറങ്ങളില്‍ വരെ കടകളുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും കൊടുക്കാത്ത പണിയാണ് ഈ ബേക്കറിക്ക് ഫേസ്ബുക്ക് കൊടുത്തത്.
ഡല്‍ഹി ഹൈക്കോടതി ബംഗളൂരുവിലെ ഒരു ബേക്കറിയോട് ഫേസ്‌ബേക്ക് (Facebake) എന്ന പേര് ഇനി ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടത് ഏതാനും ദിവസം മുമ്പാണ്. അതിന് കാരണമായതാകട്ടെ സാക്ഷാല്‍ ഫേസ്ബുക്ക് കൊടുത്ത കേസും. ഫേസ്ബുക്ക് എന്ന പേരില്‍ നമ്മുടെ നാട്ടുംപുറങ്ങളില്‍ വരെ കടകളുണ്ട്. പക്ഷെ അവര്‍ക്കൊന്നും കിട്ടാത്ത പണിയാണ് പേരിലും ഡിസൈനിലുമുള്ള സാമ്യത്തിന്റെ പേരില്‍ ഈ ബേക്കറിക്ക് ഫേസ്ബുക്ക് കൊടുത്തത്.
ഫേസ്‌കേക്ക് എന്ന വാക്കും ഫേസ്ബുക്കുമായി സാമ്യമുള്ള മറ്റ് പദങ്ങളും ഉപയോഗിക്കുന്നതില്‍ നിന്നും ബേക്കറിയെ കോടതി തടഞ്ഞു. 2020ല്‍ ആണ് ഫേസ്‌ബേക്ക് ബേക്കറി ഉടമ നൗഫെല്‍ മലോളിനെതിരെ പേരിലും ഡിസൈനിലുമുള്ള സമാനതകള്‍ ആരോപിച്ച് ഫേസ്ബുക്ക് കേസ് ഫയല്‍ ചെയ്തത്. ബേക്കറിക്ക് തങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുമെന്നും ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കും എന്നുമായിരുന്നു വാദം.
പേര് ഉപയോഗിക്കുന്നത് വിലക്കുക മാത്രമല്ല കോടതി ചെയ്തത്. ഫേസ്ബുക്കിനോട് സാമ്യമുള്ള കാര്‍ഡുകളും പാക്കേജിംഗ് ലേബലുകളും അടക്കമുള്ള എല്ലാ സാധനങ്ങളും ഫേസ്ബുക്കിന് ബേക്കറി ഉടമ കൈമാറണം. കൂടാതെ 50,000 രൂപയും കേസിന് ചെലവായ തുകയും നഷ്ടപരിഹാരമായി ബേക്കറി ഉടമയില്‍ നിന്ന് ഫേസ്ബുക്കിന് ലഭിക്കും. ജൂലൈ ആറിനായിരുന്നു കോടതി വിധി.