ഗ്രാമീണ ഇന്ത്യയില്‍ വിത്തെറിഞ്ഞ് ധനമന്ത്രി, കാര്‍ഷിക മേഖലയ്ക്ക് കൈനിറയെ; കേരളത്തിന് എന്തുകിട്ടും?

കാര്‍ഷികമേഖലയ്ക്കായി കോടികള്‍ നീക്കിവയ്ക്കുമ്പോഴും റബര്‍ കര്‍ഷകര്‍ക്ക് അടക്കം നിരാശ

Update:2024-07-23 16:38 IST

Image: Canva

കാര്‍ഷികമേഖലയ്ക്ക് കൂടുതല്‍ കരുതല്‍, പരിഗണന... ബിസിനസുകാരെ മാത്രം സന്തോഷിപ്പിക്കുന്ന പതിവില്‍ നിന്ന് മാറി ഗ്രാമീണ മേഖലയ്ക്ക് കൂടുതല്‍ കരുതലും പദ്ധതികളും വിഹിതവും നീക്കി വയ്ക്കാന്‍ ശ്രദ്ധിച്ച ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. ഗ്രാമീണ മേഖലയില്‍ പടര്‍ന്ന തൊഴിലില്ലായ്മ കുറയ്ക്കാന്‍ കാര്‍ഷികമേഖലയ്ക്കായി മാറ്റിവച്ച 1.52 ലക്ഷം കോടി രൂപയ്ക്ക് സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ.
പൊതുതിരഞ്ഞെടുപ്പില്‍ ഗ്രാമീണ മേഖലയില്‍ ഉണ്ടായ തിരിച്ചടികളാണ് മോദി സര്‍ക്കാരിനെ മുന്‍ഗണനക്രമം മാറ്റാന്‍ പ്രേരിപ്പിച്ചത്. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും അടക്കം ഗ്രാമീണ മേഖലകളില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു.
ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഊന്നല്‍
കാര്‍ഷിക മേഖലയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ ഉത്പാദനം വര്‍ധിപ്പിക്കാനും അതുവഴി കര്‍ഷകരുടെ വരുമാനം കൂട്ടാനും ലക്ഷ്യമിട്ടുള്ളത്. അത്യുല്‍പാദന ശേഷിയുള്ളതും കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കുന്നതുമായ 32 ഇനം വിളകളുടെ പുതിയ വിത്തിനങ്ങള്‍ അവതരിപ്പിക്കുമെന്നതാണ് അതില്‍ പ്രധാനം. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വില്ക്കാന്‍ പരിശീലനം നല്‍കും. ഗ്രാമപഞ്ചായത്തുകളും ഗവേഷണ സ്ഥാപനങ്ങളും വഴിയാകും ഇവ നടപ്പിലാക്കുക.
പ്രകൃതിദത്ത കൃഷിരീതികളില്‍ കൂടുതല്‍ പരിശീലനം നല്‍കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ജൈവകൃഷിയെ ശക്തിപ്പെടുത്താന്‍ 10,000 ജൈവവിഭവ കേന്ദ്രങ്ങള്‍ ആരംഭിക്കും. സംസ്ഥാനങ്ങളുമായി സഹകരിച്ച് 6 കോടി കര്‍ഷകരെയും അവരുടെ ഭൂമിയെയും ഡിജിറ്റല്‍വല്‍ക്കരിക്കും. രാജ്യത്തെ 400 ജില്ലകളിലാകും ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക.
ഗ്രാമീണ മേഖലയിലെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച നിരീക്ഷിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമായി ദേശീയ സഹകരണ നയം രൂപീകരിക്കാനും നിര്‍മ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് വിഭാവനം ചെയ്യുന്നു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അഞ്ച് സംസ്ഥാനങ്ങളില്‍ അവതരിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിന് എന്തുകിട്ടും?
കാര്‍ഷികമേഖലയ്ക്കായി കോടികള്‍ നീക്കിവയ്ക്കുമ്പോഴും കേരളം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ക്ക് കാര്യമായ പരിഗണന കിട്ടിയില്ലെന്നതും ശ്രദ്ധേയമാണ്. റബറിന് 250 രൂപ തറവില പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഒരു പ്രഖ്യാപനവും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലില്ല.
ചെമ്മീന്‍ ഉത്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനായി വിത്ത് ഉത്പാദന കേന്ദ്രങ്ങള്‍ സ്ഥാപിക്കും. നബാര്‍ഡ് മുഖേന ധനസഹായം ലഭ്യമാക്കും. കേരളത്തിലെ ചെമ്മീന്‍ കര്‍ഷകരെ സംബന്ധിച്ച് സന്തോഷം പകരുന്ന പ്രഖ്യാപനമാണിത്. അമേരിക്കയിലേക്കുള്ള കയറ്റുമതി നിലച്ചതും കണ്ടെയ്‌നര്‍ നിരക്ക് കൂടിയതും ചെമ്മീന്‍ മേഖലയ്ക്ക് തിരിച്ചടിയായിരുന്നു.
Tags:    

Similar News