ക്ഷീരമേഖലയുടെ വളര്‍ച്ചയ്ക്ക് ശാസ്ത്രീയ സമീപനം; റീജിയണല്‍ ഡയറി സമ്മേളനത്തിന് തുടക്കമായി

ക്ഷീരമേഖലയിലേക്ക് കൂടുതല്‍ യുവാക്കളെയും സംരംഭകരെയും ആകര്‍ഷിക്കാനുള്ള നൂതന മാര്‍ഗങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും

Update:2024-06-26 12:33 IST

Image: Canva

ക്ഷീരമേഖലയിലെ നൂതന രീതികള്‍ ശാസ്ത്രീയമായി വിലയിരുത്തുകയെന്ന ലക്ഷ്യത്തോടെ ആദ്യത്തെ രാജ്യാന്തര റീജിയണല്‍ ഡയറി കോണ്‍ഫറന്‍സിന് കൊച്ചിയില്‍ തുടക്കമായി. കേന്ദ്ര ഫിഷറീസ്, ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജന്‍ സിംഗ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയം മുന്‍കൈയെടുത്ത് നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് (എന്‍.ഡി.ഡി.ബി) ഇന്റര്‍നാഷണല്‍ ഡയറി ഫെഡറേഷന്‍ (ഐ.ഡി.എഫ്) എന്നീ സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സ് വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്.
നൂതന ആശയങ്ങള്‍ക്ക് മുന്‍ഗണന
ക്ഷീരമേഖലയിലേക്ക് കൂടുതല്‍ യുവാക്കളെയും സംരംഭകരെയും ആകര്‍ഷിക്കാനുള്ള നൂതന മാര്‍ഗങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനും അതുവഴി കര്‍ഷകരുടെ വരുമാനം ഉറപ്പുവരുത്താനുമുള്ള ആശയങ്ങളും അവതരിപ്പിക്കും.
ഏഷ്യാ പസഫിക് മേഖല കേന്ദ്രീകരിച്ചുള്ള ആദ്യ അന്താരാഷ്ട്ര സമ്മേളനമാണിത്. ഈ മേഖലാ സമ്മേളനം സംഘടിപ്പിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യക്കാണ്. കൊച്ചി ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്താണ് വേദി.
പാല്‍ ഉത്പാദനത്തില്‍ കേരളം പിന്നിലല്ല
രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളാണ് രാജ്യത്ത് പാല്‍ ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. വലിയ പരിമിതികള്‍ക്കിടയിലും കേരളത്തിന്റെ സംഭാവന അത്ര മോശമല്ലെന്ന് നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മീനേഷ് ഷാ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം അടക്കമുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയാണ് പാല്‍ ഉത്പാദനത്തില്‍ മുന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
യുവാക്കള്‍ ക്ഷീരമേഖലയിലേക്ക് കടന്നുവരാത്തത് കേരളം മാത്രം നേരിടുന്ന പ്രശ്‌നമല്ല. യുവസംരംഭകരെ ലക്ഷ്യമിട്ട് ശാസ്ത്രീയമായ ബിസിനസ് മാതൃകകള്‍ പരീക്ഷിക്കുമെന്നും മീനേഷ് ഷാ കൂട്ടിച്ചേര്‍ത്തു.
ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ഡയറി സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ സംവദിക്കും. മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ചിഞ്ചു റാണി, മറ്റു സംസ്ഥാനങ്ങളിലെ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രിമാര്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പങ്കെടുക്കും.
Tags:    

Similar News