ഇന്ത്യയില്‍ ആദ്യ ഒമിക്രോണ്‍ മരണം; ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യൂ, അറിയേണ്ടതെല്ലാം

നാല് നാള്‍ നീണ്ടുനില്‍ക്കുന്ന രാത്രി കാല കര്‍ഫ്യു ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍.

Update:2021-12-31 10:45 IST

ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും ഇന്നലെ രാത്രിമുതല്‍ രാത്രികാല നിയന്ത്രണം ആരംഭിച്ചു. രാത്രി 10 മണിമുതല്‍ സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യു ആരംഭിച്ചു. ജനുവരി രണ്ട് വരെയാണ് നിലവില്‍ രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് ദീര്‍ഘിപ്പിച്ചേക്കാം.

ദേവാലയങ്ങളടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു തരത്തിലുള്ള ആള്‍ക്കൂട്ടവും അനുവദിക്കുന്നതല്ല. മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികള്‍ക്കെല്ലാം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒമിക്രോണ്‍ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ജനങ്ങള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം
രാത്രി 10 മണിയോടെ വീടുകളില്‍ കയറാനാണ് നിര്‍ദേശം. ഉത്സവങ്ങളും പുതുവത്സര ചടങ്ങുകളും ഉള്‍പ്പെടെ മത-സാമുദായിക രാഷ്ട്രീയ സാംസ്‌ക്കാരിക കൂടിച്ചേരലുകള്‍ക്കെല്ലാം നിയന്ത്രണം ബാധകമാണ്. രാത്രികാല നിയന്ത്രണത്തില്‍ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോള്‍ ആരാധനാലയങ്ങളുടെ കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു. എന്നാല്‍ ആരാധനാലയങ്ങളിലെ ജനസമ്പര്‍ക്കം ഉള്‍പ്പെടെ നിയന്ത്രണവിധേയമാക്കിയതായി അറിയിച്ചിട്ടുള്ളത്.

ഹോട്ടലുകള്‍ റസ്റ്റോറന്റുകള്‍ ബാറുകള്‍ ക്ലബുകള്‍ എന്നിവയല്ലാം രാത്രി പത്ത്മണിയോടെ പൂര്‍ണമായും അടച്ചിടും. തിയേറ്ററുകളിലെ സെക്കന്‍ഡ് ഷോയും നാലുനാള്‍ ഉണ്ടാകില്ല. അത്യാവശ്യമുള്ളവര്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഇത്തരത്തില്‍ പുറത്തിറങ്ങുന്നവര്‍ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം.

ന്യൂ ഇയര്‍ ആഘോങ്ങളൊന്നും പത്ത് മണിക്ക് ശേഷം പാടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും രണ്ടാം തിയതിക്ക് ശേഷം രാത്രികാല നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക. കൂടുതല്‍ പൊലീസിനെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.

ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ്.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ മതിയായ അളവില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറല്‍ മജിസ്ട്രേറ്റുകളെ വിന്യസിക്കും.
ഇന്ത്യയില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം
ഇന്ത്യയില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ഒമിക്രോണ്‍ ബാധിതന്‍ മരിച്ചത്. നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍ ഈ മാസം 28 നാണ് മരിച്ചത്. സാമ്പിള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളിലെ കുതിപ്പ് ഒമിക്രോണ്‍ മൂലമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒമിക്രോണ്‍ വ്യാപനത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ഡല്‍ഹിക്കും കേരളമുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള വകഭേദം ഒമിക്രോണ്‍ ആദ്യം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 96 ശതമാനവും ഒമിക്രോണാണ്. ഇന്ത്യയിലും കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്.
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പതിമൂവായിരത്തി ഒരുനൂറ്റി അന്‍പത്തിനാലില്‍ എത്തിയിരിക്കുന്നത് ഇതിന്റെ സൂചനയാണ്. തിങ്കളാഴ്ച രാജ്യത്ത് അഞ്ഞൂറ് കടന്ന ഒമിക്രോണ്‍ ബാധിതരുടെ എണ്ണം രണ്ട് ദിവസം കൊണ്ടാണ് ആയിരത്തിനടുത്ത് എത്തിയിരിക്കുന്നത്.


Tags:    

Similar News