ബിറ്റ്‌കോയിന്‍ യു.എസ് ഡോളറിന് ബദലാകുമെന്ന് ട്വിറ്റര്‍ മുന്‍ സി.ഇ.ഒ ജാക്ക് ഡോര്‍സി
പുതിയ പ്രസ്താവനയ്ക്ക് ബിറ്റ്‌കോയിന്‍ നിക്ഷേപകരില്‍ നിന്ന് വലിയ പിന്തുണയാണ് കിട്ടുന്നത്
ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ യു.എസ് ഡോളറിന് പകരമായി വര്‍ത്തിക്കുമെന്ന വാദവുമായി ട്വിറ്റര്‍ മുന്‍ സി.ഇ.ഒ ജാക്ക് ഡോര്‍സി. ക്രിപ്‌റ്റോകറന്‍സി യു.എസ് കറന്‍സിക്ക് പകരമാവുമോയെന്ന പോപ് റാപ്പര്‍ കാര്‍ഡി ബിയുടെ ചോദ്യത്തിന് മറുപടിയായാണ് ജാക്കിന്റെ മറുപടി. 'അതെ, ബിറ്റ്‌കോയിന്‍ ബദലാവും' എന്നാണ് ജാക്ക് ഡോര്‍സിയുടെ മറുപടി.
ട്വിറ്റര്‍ മേധാവി സ്ഥാനത്തു നിന്നൊഴിഞ്ഞ ജാക്ക് ഡോര്‍സി ഇപ്പോള്‍ അദ്ദേഹം തന്നെ 2009 ല്‍ സ്ഥാപിച്ച 'ബ്ലോക്കി'ന്റെ തലവനാണ്.
ട്വിറ്റര്‍ വിട്ടയുടനെ തന്നെ ക്രിപ്‌റ്റോ രംഗത്തേക്ക് കടക്കുമെന്ന സൂചനകള്‍ ജാക്ക് ഡോര്‍സി നല്‍കിയിരുന്നു. പുതിയ പ്രസ്താവനയ്ക്ക് ബിറ്റ്‌കോയിന്‍ നിക്ഷേപകരില്‍ നിന്ന് വലിയ പിന്തുണയാണ് കിട്ടുന്നത്. ഇത്തരത്തിലൊരു സംഭാഷണം അത്യാവശ്യം തന്നെയാണെന്ന് ബിറ്റ്‌കോയിന്‍ നിക്ഷേപകനായ ഡെന്നിസ് പോര്‍ട്ടര്‍ പറഞ്ഞു.
നിലവിലെ ഇന്റര്‍നെറ്റിനു പകരമായി സ്ഥാനം പിടിക്കുമെന്ന് പറയുന്ന 'വെബ്3' എന്ന സങ്കേതത്തെ സംബന്ധിച്ച വാഗ്വാദങ്ങള്‍ക്കൊടുവിലാണ് ജാക്ക് ഡോര്‍സി ബിറ്റ്‌കോയിനു വേണ്ടി ശക്തമായി വാദിച്ചിരിക്കുന്നത്. ബ്ലോക്ക്‌ചെയിന്‍ അടിസ്ഥാനമാക്കി, വികേന്ദ്രീകൃതമായി (decentralized) പ്രവര്‍ത്തിക്കുന്ന നെറ്റ്‌വര്‍ക്കായിരിക്കും വെബ്3.
നോണ്‍-ഫിഞ്ചിബിള്‍ ടോക്കണ്‍ (NFT) അടക്കമുള്ള ട്രേഡുകളിലേക്ക് വഴിതുറന്ന് ലോകവ്യാപകമായി പുതിയ വഴി തുറന്നിട്ടിരിക്കുകയാണ് വെബ്3. എന്നാല്‍ വെഞ്ചര്‍ ക്യാപിറ്റല്‍ ഭീമനായ ആന്‍ഡേഴ്‌സണ്‍ ഹോറോവിറ്റ്‌സിനെപ്പോലുള്ളവര്‍ വെബ്3ക്ക് വേണ്ടി വന്‍തോതില്‍ നിക്ഷേപം നടത്തിയതിനെ ജാക്ക് ഡോര്‍സി വിമര്‍ശിച്ചിരിക്കുകയാണിപ്പോള്‍. വെബ്3 യില്‍ യൂസര്‍മാരായിരിക്കണം ഉടമസ്ഥരെന്ന വാദത്തെ പിന്തുണക്കുന്നയാളാണ് ജാക്ക് ഡോര്‍സി. 'നിങ്ങള്‍ വെബ്3 ഉടമസ്ഥപ്പെടുത്തരുത്' എന്ന് ശക്തമായി തന്നെ ട്വീറ്റ് ചെയ്യുകയുമുണ്ടായി.
നിലവിലെ ഇന്റര്‍നെറ്റായ 'വെബ്2' മെറ്റ, ആല്‍ഫബെറ്റിന്റെ ഗൂഗിള്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളാണ് കണ്‍ട്രോള്‍ ചെയ്യുന്നത്. വെബ്3 യില്‍ ഇങ്ങനെ കേന്ദ്രീകൃതമായിരിക്കില്ലെന്നും വികേന്ദ്രീകൃതമായിരിക്കും പ്ലാറ്റ്‌ഫോമുകളെന്നുമാണ് വാദം.