ഇന്നും വര്‍ധിപ്പിച്ചു: പിടിതരാതെ ഇന്ധനവില
സംസ്ഥാനത്തെ പെട്രോള്‍ വില 'സെഞ്ച്വറി'യിലേക്ക്
രാജ്യത്ത് പിടിതരാതെ ഇന്ധനവില കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഡീസലിന് 31 പൈസയും പെട്രോളിന് 29 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 98.45 രൂപയും ഡീസലിന് 93.79 രൂപയുമായി. ഇതേ വിലവര്‍ധനവ് തുടര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ പെട്രോള്‍ വില 100 കടന്നേക്കും. കൊച്ചിയില്‍ പെട്രോളിന് 96.51 രൂപയും ഡീസലിന് 91.97 രൂപയുമായി ഉയര്‍ന്നു. 42 ദിവസത്തിനിടെ 24 ാം തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചത്. മെയ് 31 ന് ശേഷം ഇന്ധനവില ലിറ്ററിന് 2.25 രൂപ വരെയാണ് ഉയര്‍ന്നത്.
ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 96.41 രൂപയായും 87.28 രൂപയായും ഉയര്‍ന്നു. മുംബൈയില്‍ ഇന്ന് പെട്രോള്‍ വില ലിറ്ററിന് 102.58 രൂപയായി. ഡീസലിന്റെ വില ലിറ്ററിന് 94.70 രൂപയായി ഉയര്‍ന്നു.
മൂല്യവര്‍ധിത നികുതിയും വാറ്റും കാരമാണ് ഇന്ധനവില രാജ്യത്ത് ഓരോ സംസ്ഥാനത്തും വ്യത്യാസപ്പെട്ടിരിക്കുന്നത്. പെട്രോള്‍ വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് ഈടാക്കുന്ന നികുതികളാണ്. അതേസമയം കോവിഡ് പ്രതിസന്ധിക്കിടയിലും ഇന്ധനവില കുത്തനെ ഉയരുന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്നുണ്ട്.