വീണ്ടും ഇന്ധനവില വര്‍ധന: ഡല്‍ഹിയില്‍ പെട്രോള്‍ വില 90 കടന്നു
രാജ്യത്ത് പെട്രോളിന് 31 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്
തുടര്‍ച്ചയായി ഇന്നും പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് വര്‍ധിച്ചതോടെ ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില 90 കടന്നു. ഇന്ന് പെട്രോളിന് 31 പൈസയും ഡീസലിന് 33 പൈസയുമാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോളിന് 90.19 രൂപയും ഡീസലിന് 80.60 രൂപയുമാണ് വില.
സംസ്ഥാനത്ത് തിരുവനന്തപുരത്ത് പെട്രോളിന് 92.7 ഉം ഡീസലിന് 86.61 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 90.36 രൂപ, ഡീസലിന് 85.05 രൂപ എന്നിങ്ങനെയാണ് വില.
മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളില്‍ ബ്രാന്‍ഡഡ് അല്ലെങ്കില്‍ അഡിറ്റീവ് ലെയ്‌സ് പെട്രോളിന്റെ വില 100 കടന്നപ്പോള്‍, രാജസ്ഥാനിലെ ശ്രീഗംഗനഗറില്‍ സാധാരണ പെട്രോളിന് ബുധനാഴ്ച തന്നെ 100 കടന്നു.
പ്രാദേശിക നികുതിയായ വാറ്റ്, ചരക്ക് കൂലി എന്നിവ അനുസരിച്ച് ഇന്ധന വില സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ്. രാജ്യത്ത് പെട്രോളിന് ഏറ്റവും ഉയര്‍ന്ന മൂല്യവര്‍ധിത നികുതി (വാറ്റ്) രാജസ്ഥാനിലാണ്. മധ്യപ്രദേശാണ് തൊട്ടുപിന്നിലുള്ളത്.
എന്തുകൊണ്ട് വിലവര്‍ധന ?
ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് രാജ്യങ്ങളും (ഒപെക്) റഷ്യയുള്‍പ്പെടെയുള്ള സഖ്യകക്ഷികളും തമ്മിലുള്ള കരാര്‍ പ്രകാരം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രതിദിനം 1 ദശലക്ഷം ബാരല്‍ അധികമായി വെട്ടിക്കുറയ്ക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അന്താരാഷ്ട്ര എണ്ണവില കുതിച്ചുയരാന്‍ തുടങ്ങിയത്. ഇതിന്റെ ഫലമായി എണ്ണവില ബാരലിന് 63 യുഎസ് ഡോളറായി ഉയര്‍ന്നു, ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.