ഗഡ്കരിയുടെ ആവശ്യം സംസ്ഥാനങ്ങള്‍ അംഗീകരിച്ചാല്‍ ഈ വാഹനങ്ങളുടെ നികുതി 14 ശതമാനം കുറയും

20 ലക്ഷം രൂപയുള്ള വാഹനത്തിന് നികുതി ഇനത്തില്‍ മാത്രം ഇളവ് ലഭിക്കുക 3.2 ലക്ഷം രൂപ

Update:2024-09-03 11:41 IST

photo courtesy : www.facebook.com/nitingadkary

ഫ്‌ളക്‌സ് ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ ജി.എസ്.ടി 12 ശതമാനമാക്കി കുറയ്ക്കാന്‍ സംസ്ഥാന ധനമന്ത്രിമാരോട് ആവശ്യപ്പെട്ട് കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന ധനമന്ത്രിമാര്‍ ഇത് സംബന്ധിച്ച ധാരണയിലെത്തണം. ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാന ധനമന്ത്രിമാരുടെയും പിന്തുണ കേന്ദ്രത്തിന് ആവശ്യമാണ്. ഡീസല്‍, പെട്രോള്‍ പോലുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും പകരം ജൈവ ഇന്ധനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഗ്രീന്‍ എനര്‍ജി സംഘടിപ്പിച്ച ഇന്ത്യ ബയോ-എനര്‍ജി ആന്‍ഡ് ടെക് എക്‌സ്‌പോയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

എന്താണ് ഫ്‌ളക്‌സ് എഞ്ചിന്‍

ഒന്നിലേറെ ഇന്ധനങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ഇന്റേണല്‍ കമ്പസ്റ്റ്ഷ്യന്‍ എഞ്ചിനുകളാണ് (ഐ.സി.ഇ) ഫ്‌ളക്‌സ് എഞ്ചിനുകള്‍. പെട്രോളിനൊപ്പം മെഥനോള്‍ അല്ലെങ്കില്‍ എതനോള്‍ പോലുള്ള വസ്തുക്കള്‍ കൂട്ടികലര്‍ത്തിയാണ് ഇതിനുള്ള ഫ്‌ളെക്‌സിബിള്‍ ഇന്ധനം തയ്യാറാക്കുന്നത്. ജൈവ ഇന്ധനങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ ഇവ ഉണ്ടാക്കുന്ന പരിസര മലിനീകരണം കുറവാണ്. കരിമ്പ്, ചോളം, ബാര്‍ലി എന്നിവയുടെ കാര്‍ഷികാവശിഷ്ടത്തില്‍ നിന്നും വേര്‍തിരിക്കുന്ന എഥനോള്‍ അല്ലെങ്കില്‍ ഈഥൈല്‍ ആല്‍ക്കഹോളാണ് ഇതില്‍ കലര്‍ത്തുന്നത്. എഥനോളില്‍ ഓക്‌സിജന്റെ അളവ് കൂടുതലായതിനാല്‍ എഞ്ചിനില്‍ ജ്വലനം സുഗമമാകുമെന്നും വാഹനങ്ങള്‍ പുറംതള്ളുന്ന പുകയുടെ അളവ് കുറയ്ക്കാനുമെന്നും കേന്ദ്രം പറയുന്നു. നിലവില്‍ 20 ശതമാനം വരെ എഥനോള്‍ കലര്‍ത്തിയ ഇ20 പെട്രോള്‍ രാജ്യത്ത് ലഭ്യമാണ്.

ഫ്‌ളക്‌സ് ഇന്ധന വാഹനങ്ങളുടെ വിലയില്‍ വന്‍ കുറവ്

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ഈടാക്കുമ്പോള്‍ ഹൈബ്രിഡ് അടക്കമുള്ള ഇന്റേണല്‍ കമ്പസ്റ്റ്ഷ്യന്‍ എഞ്ചിന്‍ വാഹനങ്ങള്‍ക്ക് 28 ശതമാനമാണ് ജി.എസ്.ടി ഈടാക്കുന്നത്. ഇത് 12 ശതമാനമാക്കി കുറച്ചാല്‍ നികുതിയില്‍ 14 ശതമാനത്തിന്റെ കുറവ് വരും. അതായത് 20 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഒരു വാഹനത്തിന് 28 ശതമാനമെന്ന കണക്കില്‍ ജി.എസ്.ടി ഇനത്തില്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടത് 5.6 ലക്ഷം രൂപയാണ്. പുതിയ തീരുമാനം നടപ്പിലാക്കിയാല്‍ നികുതി 2.4 ലക്ഷം രൂപയായി കുറയും. അതായത് 20 ലക്ഷം രൂപയുള്ള വാഹനത്തിന് നികുതി ഇനത്തില്‍ മാത്രം ഇളവ് ലഭിക്കുക 3.2 ലക്ഷം രൂപ. അടുത്തിടെ ഹൈബ്രിഡ് വാഹനങ്ങളുടെ റോഡ് ടാക്‌സില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വലിയ കുറവ് വരുത്തിയിരുന്നു. നികുതിയിളവ് സംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇതിന് പിന്നാലെയാണ് ഫ്‌ളക്‌സ് ഇന്ധന വാഹനങ്ങളുടെ നികുതി കുറയ്ക്കാന്‍ ഗഡ്കരി സംസ്ഥാന ധനമന്ത്രിമാരോട് ആവശ്യപ്പെടുന്നത്.

എഥനോള്‍ ലാഭിച്ചത് 99,014 കോടി രൂപ

പെട്രോളില്‍ എഥനോള്‍ ചേര്‍ത്തതിലൂടെ വിദേശനാണ്യ ഇടപാടില്‍ ഇതുവരെ 99,104 കോടി രൂപയുടെ ലാഭമുണ്ടായെന്നാണ് ഗഡ്കരി പറയുന്നത്. 173 ലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ഉപയോഗം കുറയ്ക്കാനും 519 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുമായി. എന്നാല്‍ എഥനോള്‍ കലര്‍ത്തുന്നത് പ്രകൃതി സംരക്ഷണത്തിന് ഉചിതമായ മാര്‍ഗമല്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ പഠനം നടത്തണമെന്നുമാണ് ഒരു കൂട്ടം വാഹനനിര്‍മാതാക്കളും പരിസ്ഥിതി വാദികളും പറയുന്നത്. എഥനോള്‍ ചേര്‍ത്ത വാഹനങ്ങളുടെ എഞ്ചിന്‍ ഭാഗങ്ങള്‍ എളുപ്പത്തില്‍ കേടാകുമെന്നും ഇന്ധനക്ഷമത കുറവാണെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു.
Tags:    

Similar News