റോഡ് പണിയില്‍ വീഴ്ച വരുത്തുന്ന കരാറുകാര്‍ക്ക് നിതിന്‍ ഗഡ്കരിയുടെ മുട്ടന്‍ പണി വരുന്നു

ഒരാളെയും വെറുതെ വിടില്ല, സമയത്ത് റോഡ് പണി തീര്‍ക്കാത്ത കരാറുകാര്‍ക്കെതിരെ ഗഡ്കരി

Update:2024-09-20 14:24 IST

image Credit : canva BJP website 

രാജ്യത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ കരാറുകാര്‍ക്കും റോഡ് ഏജന്‍സികള്‍ക്കും മുന്നറിയിപ്പുമായി കേന്ദ്രഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. റോഡ് പണി കൃത്യമായി പൂര്‍ത്തിയാക്കാത്ത കരാറുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ ഒരാളെയും വെറുതെ വിടില്ല. കരാറില്‍ വീഴ്ച വരുത്തുവരുടെ ബാങ്ക് ഗ്യാരന്റി മരവിപ്പിക്കും. വീണ്ടും ആവര്‍ത്തിച്ചാല്‍ കരിമ്പട്ടികയില്‍ പെടുത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
ഉത്തര്‍പ്രദേശ്-ഹരിയാന സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈസ്റ്റേണ്‍ പെരിഫെറല്‍ എക്‌സ്പ്രസ്‌വേയില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഏറെക്കാലത്തിന് ശേഷമാണ് ഞാന്‍ ഈസ്റ്റേണ്‍ പെരിഫെറല്‍ എക്‌സ്പ്രസ്‌വേയില്‍ കൂടി യാത്ര ചെയ്യുന്നത്. വളരെ മോശം അവസ്ഥയിലാണ് റോഡുള്ളത്. റോഡ് നിര്‍മാണത്തില്‍ വീഴ്ച വരുത്തിയ കരാറുകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ റോഡ് കരാറുകാര്‍ ഗുണനിലവാരം ഉറപ്പുവരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ചില കരാറുകാര്‍ പണി അവസാനിപ്പിച്ച് വീട്ടിലിരിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മികച്ച രീതിയില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്ന കരാറുകാര്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
തട്ടിപ്പ് കരാറുകാരെ പിടിക്കാന്‍ ഗഡ്കരി
രാജ്യത്തെ ദേശീയ പാത സംരക്ഷണത്തിനായി പ്രത്യേക പദ്ധതി കഴിഞ്ഞ മാസം ഗഡ്കരി പാര്‍ലമെന്റിന് മുന്നില്‍ വച്ചിരുന്നു. ഇതനുസരിച്ച് വിവിധ റോഡ് ഏജന്‍സികളുമായി ചേര്‍ന്ന് ദേശീയപാത എപ്പോഴും ഗതാഗത യോഗ്യമാണെന്ന് ഉറപ്പുവരുത്തും. നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ കരാറുകാരുടെ ഉത്തരവാദിത്തം അവസാനിക്കില്ല. റോഡുകളുടെ അറ്റകുറ്റപ്പണികൂടി ഉറപ്പുവരുത്തുന്ന രീതിയിലായിരിക്കും കരാറുകള്‍ നല്‍കുക. കൂടാതെ മഴ, വെള്ളപ്പൊക്കം, ഭൂപ്രകൃതി, മണ്ണിന്റെ പ്രകൃതം തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ റോഡിന്റെ ഡിസൈന് അനുമതി നല്‍കാവൂ എന്നും ഇതില്‍ പറയുന്നു.
Tags:    

Similar News