റെക്കോഡ് വിലയില്‍ വെളുത്തുള്ളി; ഉത്പാദനം കുറഞ്ഞത് തിരിച്ചടിയായി

ഹോട്ടല്‍ വിഭവങ്ങളുടെ വില ഉയരുന്നതിനും ഇത് കാരണമായേക്കും

Update: 2024-01-04 12:21 GMT

Image courtesy: canva

മലയാളിയുടെ അടുക്കളയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെളുത്തുള്ളി. എന്നാല്‍ വെളുത്തുള്ളി ഇല്ലാതെ കറി വയ്ക്കുന്നതാകും ഇനി നല്ലത്. അത്രമേല്‍ കുതിച്ചുയര്‍ന്നിരിക്കുകയാണ് വെളുത്തുള്ളി വില. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഒരു കിലോ വെളുത്തുള്ളി വില 250 മുതല്‍ 350 രൂപ വരെയായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി വെളുത്തുള്ളി വില ദിനംപ്രതി ഉയര്‍ന്നു വരികയാണ്. വെളുത്തുള്ളി ലഭ്യത കുറഞ്ഞതിനാല്‍ മാസങ്ങളായി വില 200ന് മുകളിലായിരുന്നു. എന്നാല്‍ രണ്ടുദിവസം കൊണ്ടാണ് ഇത്രയും വലിയ വര്‍ധനയുണ്ടായത്.

മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് വെളുത്തുള്ളി എത്തുന്നത്. ഇപ്പോള്‍ കാലാവസ്ഥ വ്യതിയാനം മൂലം ഇവിടങ്ങളില്‍ വിളവ് കുറഞ്ഞതോടെയാണ് കേരളത്തില്‍ വെളുത്തുള്ളി വില കൂടാന്‍ കാരണമായത്. പുത്തന്‍ സ്റ്റോക്ക് എത്താത്തതിനാല്‍ വില ഇനിയും ഉയരാനാണ് സാധ്യത.

ഇത്തരത്തില്‍ വെളുത്തുള്ളി വില വര്‍ധിക്കുന്നത് അച്ചാര്‍ വിപണിയെ സാരമായി ബാധിക്കും. മാത്രമല്ല ഹോട്ടല്‍ വിഭവങ്ങളുടെ വില ഉയരുന്നതിനും ഇത് കാരണമായേക്കും. മലയാളികള്‍ക്ക് പാചകത്തില്‍ ഒഴിച്ചുകൂടാനാവാത്ത വെളുത്തുള്ളി നിലവില്‍ വാങ്ങാനാകാത്ത അവസ്ഥയാണ്. വെളുത്തുള്ളിയുടെ വില്‍പ്പനയും കുറഞ്ഞതായി വ്യപാരികളും പറയുന്നു.പുതിയകൃഷി വിളവെടുക്കുന്നതിനാല്‍ ഫെബ്രുവരിയോടെ വില കുറഞ്ഞു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News