അദാനിക്ക് നഷ്ടമായത് 7000 കോടി, ശതകോടീശ്വര പട്ടികയില്‍ ബെസോസ് വീണ്ടും മൂന്നാമത്

ഒരു ദിവസം കൊണ്ട് 3700 കോടിയോളം രൂപയാണ് അംബാനിക്ക് നഷ്ടമായത്

Update: 2023-01-24 09:27 GMT

Pic Courtesy : Gautam Adani / Instagram

ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര പട്ടികയില്‍ ഗൗതം അദാനിയെ പിന്തള്ളി ആമസോണിന്റെ ജെഫ് ബെസോസ്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ അദാനിയുടെ ആസ്തിയില്‍ 87.2 കോടി ഡോളറിന്റെ (ഏകദേശം7100 കോടി) ഇടിവാണ് ഉണ്ടായത്. നിലവില്‍ 120 ശതകോടി ഡോളറാണ് അദാനിയുടെ ആസ്തി.

ബെസോസിന്റെ ആസ്തി 121 ശതകോടി ഡോളറാണ്. അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞതാണ് ഗൗതം അദാനിക്ക് തിരിച്ചടിയായത്. 188 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ബെര്‍ണാഡ് അര്‍ണോള്‍ട്ട് ആണ് ശതകോടീശ്വരന്മാരില്‍ ഒന്നാമന്‍. രണ്ടാം സ്ഥാനം ടെസ് ല സിഇഒ ഇലോണ്‍ മസ്‌കിനാണ് (145 ബില്യണ്‍ ഡോളര്‍ ആസ്തി). റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പട്ടികയില്‍ പന്ത്രണ്ടാമതാണ്. അംബാനിയുടെ ആസ്തി 84.7 ബില്യണ്‍ ഡോളറാണ്. ഒരു ദിവസം കൊണ്ട് 45.7 കോടി ഡോളറോളമാണ് (3700 കോടിയോളം രൂപ) അംബാനിക്ക് നഷ്ടമായത്.

അതേ സമയം ഫോബ്‌സിന്റെ ശതകോടീശ്വ പട്ടികയില്‍ അദാനി തന്നെയാണ് മുന്നാം സ്ഥാനത്ത്. ഫോബ്‌സിന്റെ കണക്കുകള്‍ അനുസരിച്ച് 126.6 ശതകോടി ഡോളറാണ് അദാനിയുടെ ആസ്തി. ബെസോസിന്റെ ആസ്തി 120.7 ബില്യണ്‍ ഡോളറും. ഫോബ്‌സിന്റെ പട്ടികയില്‍  ഒമ്പതാം സ്ഥാനമാണ് അംബാനിക്ക്.


Screen Shot-Bloomberg Billionaires Index



Tags:    

Similar News