വളര്‍ച്ച 6.5-7 ശതമാനം; ഇന്ത്യയുടെ മുന്നേറ്റത്തില്‍ മൂലധന വിപണിക്ക് വലിയ പങ്ക് -സാമ്പത്തിക സര്‍വേ

സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍; ബജറ്റ് നാളെ 11ന്

Update:2024-07-22 13:23 IST
നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനു മുന്നോടിയായി സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍. ധനമന്ത്രി നിര്‍മല സീതാരാമനാണ് സര്‍വേ പാര്‍ലമെന്റില്‍ വെച്ചത്. ആഗോള രാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തമായ അടിത്തറയിലാണ് നില കൊള്ളുന്നതെന്ന് ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ച 8.2 ശതമാനമാണ്. നടപ്പു വര്‍ഷം ആറര-ഏഴ് ശതമാനത്തിനിടയിലാണ് സാമ്പത്തിക സര്‍വേയില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച. നാണ്യപ്പെരുപ്പം 4.5 ശതമാനമായിരിക്കുമെന്നും നിയന്ത്രണ വിധേയമാണെന്നും സര്‍വേ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യയുടെ മുന്നേറ്റ കഥയില്‍ മൂലധന വിപണിക്ക് പ്രാമുഖ്യം ഏറി വരുന്നതായി  സാമ്പത്തിക സര്‍വേ. സാങ്കേതിക വിദ്യ, ഡിജിറ്റല്‍വല്‍ക്കരണം, കണ്ടുപിടിത്തങ്ങള്‍ എന്നിവയെല്ലാം വഴി നിക്ഷേപം, മൂലധന രൂപീകരണം എന്നിവയില്‍ മൂലധന വിപണിയുടെ പങ്ക് വിപുലപ്പെടുകയാണ്. ആഗോള രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കുന്നതില്‍ ഇന്ത്യന്‍ വിപണികള്‍ കൂടുതല്‍ കരുത്ത് കാട്ടുന്നു. വളര്‍ന്നു വരുന്ന വിപണികളില്‍ ഏറ്റവും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന വിപണികളിലൊന്ന് ഇന്ത്യയുടേതാണ്. പലിശ നിരക്ക് ഉയരുന്നതിനും സാധന വിലകള്‍ ചാഞ്ചാടുന്നതിനും ഇടയില്‍ തന്നെയാണിത്. സെന്‍സെക്‌സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25 ശതമാനമാണ് ഉയര്‍ന്നത്. മുന്നേറ്റം നടപ്പു വര്‍ഷവും തുടരുകയാണ്. ഇതാദ്യമായി സെന്‍സെക്‌സ് 80,000 പോയന്റ് മറികടന്നു. ആഭ്യന്തരമായ വിശാല സാമ്പത്തിക സൂചികകള്‍ ശക്തമായതിനൊപ്പം ആഭ്യന്തര നിക്ഷേപ അടിത്തറ വിപുലപ്പെടുന്നതും ഈ മുന്നേറ്റത്തില്‍ പ്രധാന ഘടകങ്ങളാണ്.


Tags:    

Similar News