ജര്‍മ്മനിയിലെ തിയേറ്ററുകള്‍ സെപ്റ്റംബറില്‍ തുറക്കും; സീറ്റ് മൂന്നിലൊന്നു മാത്രം

Update: 2020-05-30 06:13 GMT

ലോക്ഡൗണിനു ശേഷം സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ജര്‍മ്മനി. സാമൂഹിക അകലം പാലിക്കുന്നതിന് സീറ്റുകളുടെ എണ്ണം ഏകദേശം മൂന്നിലൊന്നായി കുറച്ചുവരികയാണ് രാജ്യത്തെ മിക്ക തിയേറ്ററുകളും.

തുറന്ന ഇടങ്ങളിലെ പൊതു പരിപാടികള്‍ ജൂണ്‍ 2 മുതല്‍ അനുവദിക്കുമെന്ന് ബെര്‍ലിന്‍ സെനറ്റ് അറിയിച്ചെങ്കിലും ഇപ്പോഴത്തെ തീരുമാന പ്രകാരം  ജര്‍മ്മനിയിലെ തിയേറ്ററുകള്‍ സെപ്തംബര്‍ വരെ അടഞ്ഞു കിടക്കും. എങ്കിലും കോവിഡാനന്തര തിയേറ്റര്‍ എങ്ങനെയാവുമെന്നതിന്റെ മാതൃക ബെര്‍ലിന്‍ എന്‍സാമ്പിള്‍ എന്ന തിയേറ്റര്‍ കാണിച്ചു തരുന്നു്.

ബെര്‍ലിന്‍ എന്‍സാമ്പിള്‍ പ്രധാന ഓഡിറ്റോറിയത്തിലുണ്ടായിരുന്ന 700 സീറ്റുകളില്‍ 500 സീറ്റുകളും നീക്കം ചെയ്തു. സീറ്റുകള്‍ക്കിടയില്‍ ആവശ്യത്തിനു സ്ഥലം ഉണ്ടാക്കി സാമൂഹിക അകലം പാലിക്കുകയാണ് ലക്ഷ്യം. സെപ്തംബര്‍ നാലിനാണ് തീയറ്ററില്‍ ആദ്യ പ്രദര്‍ശനം നടക്കുക. തല്‍ക്കാലം ഇടവേള ഉണ്ടാവില്ല. ഇടവേള നല്‍കിയാല്‍ ശൗചാലയത്തില്‍ തിരക്ക് ഉണ്ടാവുമെന്നും ഇത് സാമൂഹിക അകലം പാലിക്കലിനു ഭീഷണിയാകുമെന്നുമാണ് അനുമാനം. ടിക്കറ്റ് നിരക്ക് കൂട്ടുന്നില്ല. മനുഷ്യര്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ടിക്കറ്റ് വില വര്‍ധിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് ഉടമകള്‍ പറയുന്നത്.

മാര്‍ച്ച് മധ്യത്തോടെയാണ് ജര്‍മ്മനിയിലെ സിനിമാ തിയേറ്ററുകള്‍ അടച്ചത്. രാജ്യത്ത് പൂര്‍ണ്ണമായും അടച്ചിടുന്ന ആദ്യ സ്ഥാപനങ്ങളായിരുന്നു തീയറ്ററുകള്‍. അതേസമയം, രാജ്യത്തെ ടോപ്പ് ടയര്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ് ലിഗ പുനരാരംഭിച്ചു. ജര്‍മ്മനിയില്‍ ഇതുവരെ 183,019 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 8,594 ആളുകള്‍ മരിച്ചു. 164,100 പേര്‍ രോഗമുക്തരായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News