ജര്‍മനിയില്‍ ഇനി ജോലി ആഴ്ചയില്‍ 4 ദിവസം മാത്രം, ശമ്പളത്തോട് കൂടി അവധിയും
ഫെബ്രുവരി ഒന്നു മുതല്‍ പദ്ധതി പ്രാബല്യത്തില്‍
മന്ദഗതിയിലായ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ പുതിയ തന്ത്രം പരീക്ഷിക്കാനൊരുങ്ങുകയാണ് ജര്‍മനി. തൊഴില്‍ പ്രവൃത്തിദിനങ്ങളുടെ എണ്ണം ആഴ്ചയില്‍ നാലായി കുറയ്ക്കും. ആറ് മാസത്തേക്ക് എന്ന കണക്കില്‍ ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന ഈ പുതിയ പദ്ധതി നൂറുകണക്കിന് ജീവനക്കാര്‍ക്ക് എല്ലാ ആഴ്ചയും ഒരു ദിവസം ശമ്പളത്തോട് കൂടിയ അവധി നല്‍കും. ജീവനക്കാരുടെ ആരോഗ്യവും സന്തോഷവും മാത്രമല്ല തൊഴില്‍ മേഖലയില്‍ അവരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിക്കുന്നതിനും കൂടിയാണ് ഈ നീക്കം.
ജര്‍മനിയിലെ ഏകദേശം 45 കമ്പനികളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. ജര്‍മന്‍ തൊഴില്‍ വിപണിയില്‍ വിപുലമായ മാറ്റങ്ങള്‍ക്ക് ഇതോടെ തുടക്കമാകുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ആഴ്ചയിലെ ജോലി സമയം 38 മണിക്കൂറില്‍ നിന്ന് 35 മണിക്കൂറായി വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജര്‍മനിയിലെ ട്രെയിന്‍ ഡ്രൈവര്‍മാര്‍ നിലവില്‍ ആറ് ദിവസമായി പണിമുടക്ക് നടത്തിവരികയാണ്.
ജോലി സമയത്തില്‍ തര്‍ക്കങ്ങളേറെ
ജോലിസമയത്തെ ചൊല്ലി സമ്പന്ന രാഷ്ട്രങ്ങളുമായി ഇന്ത്യക്ക് മത്സരിക്കണമെങ്കില്‍ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് ഇന്‍ഫോസിസ് സ്ഥാപകനായ എന്‍.ആര്‍. നാരായണ മൂര്‍ത്തി മൂന്നു മാസം മുമ്പ് നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ നാരായണ മൂര്‍ത്തിയുടെ വിവാദ പരാമര്‍ശത്തിന് ദിവസങ്ങള്‍ക്കിപ്പുറം ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം പ്രവൃത്തിദിനമെന്ന ആശയവുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്‌സ് എത്തിയിരുന്നു. ജോലി സമയത്തെ കുറിച്ച് തര്‍ക്കങ്ങള്‍ ഇങ്ങനെ മുറുകുമ്പോഴും യു.എസിലും കാനഡയിലും 4 ഡേ വീക്ക് ഗ്ലോബല്‍ പദ്ധതി വന്‍ നേട്ടങ്ങള്‍ക്ക് കാരണമായതായി വിദഗ്ധര്‍ പറയുന്നു.