ഡിഗ്രിയുണ്ടോ? ജോബ് ഓഫറോ പങ്കാളിയുടെ സ്‌പോണ്‍സര്‍ഷിപ്പോ ഇല്ലാതെ ജര്‍മനിയിലെത്താം
2035നുള്ളില്‍ ജര്‍മനിക്ക് വേണ്ടത് 70 ലക്ഷം തൊഴിലാളികളെ
തുടര്‍ പഠനത്തിനും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കുമായി ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് പോകാന്‍ തയ്യാറെടുക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ കാത്തിരുന്ന സുവര്‍ണാവസരം ഇതാണ്. തൊഴില്‍ വിപണിയില്‍ വിദഗ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കാന്‍ ജര്‍മനി നടപ്പിലാക്കിയ പുതിയ ഓപര്‍ച്യൂണിറ്റി കാര്‍ഡ് സംവിധാനമാണ് ശ്രദ്ധേയമായിരിക്കുന്നത്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്നതിനും മുന്‍കൂറായി ലഭിച്ച തൊഴില്‍ കരാറോ കുടുംബാംഗത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പോ ആവശ്യമാണ്. ഇതൊന്നുമില്ലാതെ ജര്‍മനിയിലെത്താമെന്ന് മാത്രമല്ല മനസിനിണങ്ങിയ ജോലി കണ്ടെത്താന്‍ ഒരു വര്‍ഷം വരെ സാവകാശവും ലഭിക്കുന്ന തരത്തിലാണ് ഓപര്‍ച്യൂണിറ്റി കാര്‍ഡ് തയാറാക്കിയിരിക്കുന്നത്. ജര്‍മനിക്കാവശ്യമായ വിദഗ്ധ തൊഴിലാളികളെ രാജ്യത്തേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫേസര്‍ പ്രതികരിച്ചു. ഇത് സംബന്ധിച്ച ബില്‍ 2020ലാണ് ജര്‍മനി പാസാക്കിയത്.
ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന ഓപര്‍ച്യൂണിറ്റി കാര്‍ഡ് (ജര്‍മന്‍ ഭാഷയില്‍ 'chancenkarte') ഉപയോഗിച്ച് യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴില്‍ ചെയ്യാനായി ജര്‍മനിയില്‍ പ്രവേശിക്കാം. അപേക്ഷകര്‍ക്ക് അവര്‍ താമസിക്കുന്ന രാജ്യത്ത് നിന്നും നേടിയ രണ്ടുവര്‍ഷത്തെ തൊഴില്‍ പരിശീലന വൈദഗ്ധ്യമോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമോ യോഗ്യതയുണ്ടായിരിക്കണം. കൂടാതെ ജര്‍മന്‍ ഭാഷയില്‍ പ്രാഥമിക പരിജ്ഞാനവും(A1 ലെവല്‍) ഇംഗ്ലീഷിലെ വൈദഗ്ധ്യവും(B2 ലെവല്‍) നേടിയിരിക്കണം. ജോലി അന്വേഷിക്കുന്ന സമയത്ത് ജര്‍മനിയില്‍ താമസിക്കുന്നതിന് വേണ്ട പണവും തിരികെ വരാനുള്ള റിട്ടേണ്‍ ടിക്കറ്റിന്റെ പണവും അക്കൗണ്ടിലുണ്ടെന്ന് തെളിയിക്കുന്ന രേഖയും അപേക്ഷ നല്‍കുമ്പോള്‍ സമര്‍പ്പിക്കണം. അപേക്ഷകന് ഒരു വര്‍ഷത്തിനുള്ളില്‍ ശരിയായ ജോലി കണ്ടെത്താനാകാതെ വന്നാല്‍ രണ്ട് വര്‍ഷം കൂടി വീസ കാലാവധി നീട്ടാനും സാധിക്കും.
ഭാഷാ പരിജ്ഞാനം, മുന്‍കാല തൊഴില്‍ പരിചയം, പ്രായം, ജര്‍മനിയിലുള്ള ബന്ധങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ ലഭിക്കുന്ന പോയിന്റുകളെ അടിസ്ഥാനമാക്കിയാണ് ഓപര്‍ച്യൂണിറ്റി കാര്‍ഡ് അനുവദിക്കുന്നത്.
പോയിന്റ് ലഭിക്കുന്നത് ഇങ്ങനെ
*കാര്‍ഡ് ലഭിക്കാന്‍ കുറഞ്ഞത് ആറ് പോയിന്റുകളെങ്കിലും നേടിയിരിക്കണം.
* ടീച്ചിംഗ്, എന്‍ജിനീയറിംഗ് തൊഴില്‍ ചെയ്യാനുള്ള അംഗീകൃത യോഗ്യതയുണ്ടെങ്കില്‍ 4 പോയിന്റുകള്‍ ലഭിക്കും
*അഞ്ചുവര്‍ഷത്തെ തൊഴില്‍ വൈദഗ്ധ്യമോ ജര്‍മന്‍ ഭാഷയില്‍ (B2 ലെവല്‍) പരിജ്ഞാനമോ ഉണ്ടെങ്കില്‍ മൂന്ന് പോയിന്റ് കിട്ടും
*രണ്ടുവര്‍ഷത്തെ തൊഴില്‍ പരിചയത്തിനൊപ്പം വൊക്കേഷണല്‍ പരിശീലനവും ലഭിച്ചവര്‍ക്കും 35 വയസില്‍ താഴെയുള്ള ജര്‍മന്‍ ഭാഷയില്‍ (B1 ലെവല്‍) പ്രാഗത്ഭ്യം ഉള്ളവര്‍ക്കും രണ്ട് പോയിന്റ് ലഭിക്കും.
*നാല്‍പ്പത് വയസില്‍ താഴെയുള്ളവരും മുന്‍പ് ജര്‍മനിയില്‍ താമസിച്ചിട്ടുള്ളവര്‍ക്കും (സന്ദര്‍ശക വിസയിലെ താമസം ഒഴിച്ച്) ഒരു പോയിന്റ് ലഭിക്കും.
*ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷയിലെ വിവിധ ഘട്ടങ്ങളിലുള്ള പ്രാഗത്ഭ്യം, ആവശ്യമായ തൊഴില്‍മേഖലയിലെ വൈദഗ്ധ്യം, പങ്കാളിക്കൊപ്പം ചേര്‍ന്നുള്ള അപേക്ഷ എന്നിവയ്ക്ക് അധിക പോയന്റും നേടാം.
എത്ര സമ്പാദിക്കാം?
ഒരു വര്‍ഷം ജര്‍മനിയില്‍ താമസിച്ച് ജോലി ചെയ്യാനുള്ള അനുമതിയാണ് ഓപര്‍ച്യൂണിറ്റി കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്നത്. ഇതിനുള്ളില്‍ ജോലി കണ്ടെത്താനായാല്‍ സ്ഥിരതാമസത്തിനുള്ള അനുമതിയും ലഭിച്ചേക്കാം. തൊഴില്‍ അന്വേഷണ സമയത്ത് ആഴ്ചയില്‍ 20 മണിക്കൂര്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാനുള്ള അനുമതി ലഭിക്കും. അങ്ങനെ കണക്കുകൂട്ടിയാല്‍ പാര്‍ട്ട് ടൈം ജോലിയിലൂടെ മാത്രം ഒരു വര്‍ഷത്തില്‍ 13,500 യൂറോ (ഏതാണ്ട് 12 ലക്ഷത്തോളം രൂപ) സമ്പാദിക്കാന്‍ കഴിയും. മികച്ച ജോലി ലഭിച്ചാല്‍ കൂടുതല്‍ സമ്പാദിക്കാനുള്ള അവസരവുമുണ്ട്.
2035നുള്ളില്‍ ജര്‍മനിക്ക് വേണ്ടത് 70 ലക്ഷം പേരെ
ജര്‍മനിയിലെ തൊഴില്‍ മന്ത്രി ഹുബേര്‍ട്ടസ് ഹെയ്‌ലിന്റെ അഭിപ്രായത്തില്‍ 2035 എത്തുമ്പോള്‍ 70 ലക്ഷം വിദഗ്ധ തൊഴിലാളികളെയാണ് രാജ്യത്തിന് അധികം ആവശ്യമുള്ളത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് കുടിയേറ്റം അനുവദിക്കാതെ ഇത് മറികടക്കാനാകില്ല. നഴ്‌സിംഗ്, ഐ.ടി, ഫുഡ് ആന്‍ഡ് ബിവറേജ് മേഖലകളിലാണ് കൂടുതല്‍ തൊഴിലാളികളെ ആവശ്യമായി വരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടായ ബേബി ബൂമില്‍ ജനിച്ച തലമുറ റിട്ടയര്‍മെന്റ് പ്രായമെത്തുന്നതും പുതിയ തലമുറ മറ്റ് പല മേഖലകളിലേക്കും തിരിയുന്നതുമാണ് ജര്‍മനിക്ക് കൂടുതല്‍ തൊഴിലാളികളെ ആവശ്യമാകാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
എങ്ങനെ അപേക്ഷിക്കും
ജര്‍മന്‍ കോണ്‍സുലാര്‍ സര്‍വീസിന്റെ പോര്‍ട്ടല്‍ വഴിയും ഓരോ രാജ്യത്തുമുള്ള ജര്‍മന്‍ മിഷനുകള്‍ വഴിയും ഓപര്‍ച്യൂണിറ്റി കാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയ്‌ക്കൊപ്പം സാധുവായ പാസ്‌പോര്‍ട്ട്, സാമ്പത്തിക ഭദ്രത തെളിയിക്കുന്ന രേഖകള്‍, ജര്‍മനിയിലെ താമസത്തിന്റെ രേഖകള്‍, തൊഴില്‍ പരിചയ രേഖകള്‍, വിദ്യാഭ്യാസ യോഗ്യത, ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ ജര്‍മന്‍ മിഷന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.