കോവിഡ്: ചൈനയ്ക്കു നേരെ വിമര്‍ശനവുമായി ജര്‍മനിയും

Update: 2020-04-21 07:46 GMT

കോവിഡ് 19  വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്ക് പിന്നാലെ ചൈനയ്ക്കു നേരെ നിശിത വിമര്‍ശനവുമായി ജര്‍മനിയും. കൊറോണ വൈറസിന്റെ ഉറവിടം എവിടെ നിന്നാണെന്ന ചോദ്യത്തിന് ചൈന മറുപടി പറയണമെന്നും ഇക്കാര്യത്തില്‍ തുറന്ന സമീപനം വേണമെന്നും ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍ പറഞ്ഞു.

കൊറോണ വ്യാപിച്ചു തുടങ്ങിയ ആദ്യ ദിവസങ്ങളിലെ കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമാക്കണം- ജര്‍മന്‍ ചാന്‍സലര്‍ മാധ്യമ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു.വൈറസിനു പിന്നില്‍ ചൈനയാണെന്നും വുഹാനിലെ ലാബില്‍ നിന്ന് പുറത്തായതാണ് വൈറസ് എന്നുമാണ് അമേരിക്ക പറഞ്ഞിരുന്നത്.ഫ്രാന്‍സും നേരത്തെ ചൈനയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

മഹാമാരിയെ സൃഷ്ടിച്ച ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് ലോകാരോഗ്യ സംഘടന തുടര്‍ച്ചയായി സ്വീകരിക്കുന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കുകയും ചെയ്തു. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. എന്നാല്‍ സാമ്പത്തിക സഹായം നിര്‍ത്തലാക്കിയ തീരുമാനത്തില്‍ നിന്ന് അമേരിക്ക ഇതുവരെ പിന്‍മാറിയിട്ടില്ല.

കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒരു വിവരവും ആരില്‍ നിന്നും മറച്ച് വെച്ചിട്ടില്ലെന്ന നിലപാടിലാണിപ്പോഴും ലോകാരോഗ്യ സംഘടന. ഡബ്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് ഇക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കി.'ലോകാരോഗ്യ സംഘടനയ്ക്ക് രഹസ്യങ്ങള്‍ ഒന്നും തന്നെ ഇല്ല. എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ അപ്പോള്‍ തന്നെ അത് മറ്റുള്ളവരിലേക്ക് എത്തിക്കാനാണ് ശ്രമിക്കാറ്. ഇത് ജനങ്ങളുടെ ജീവന്റെ പ്രശ്നമാണന്ന് സംഘടനയ്ക്ക് ബോധ്യമുണ്ട്'- ഗബ്രിയേസിസ് പറഞ്ഞു. കൂടാതെ യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന് കൊറോണ വൈറസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ നേരത്തെ നല്‍കിയിരുന്നുവെന്നും ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.

അതേസമയം രണ്ടു മാസത്തിലേറെ നീണ്ട ലോക്ക് ഡൗണിന് ശേഷം ചൈനയില്‍ 73 പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ബെയ്ജിംഗിലുള്ള സഞ്ചാര കേന്ദ്രമാണ് ആദ്യം തുറന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News