കോവിഡ് ചികിത്സയ്ക്കായുള്ള നേസല്‍ സ്പ്രേ; 850 രൂപയ്ക്ക് ലഭ്യമാകും
ഒരു വ്യക്തിക്ക് ഒരു കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ഒരു സ്പ്രേ മതിയാകും
കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന നൈട്രിക് ഓക്സൈഡ് നാസല്‍ സ്പ്രേ (NONS) ഉടന്‍ വിപണിയിലെത്തും. നിര്‍മാതാക്കളായ ഗ്ലെന്‍മാര്‍ക്ക് 850 രൂപയ്ക്കായിരിക്കും ഇവ വിപണിയിലെത്തിക്കുക. ഒരു രോഗിയുടെ ചികിത്സയ്ക്കായുള്ള ഒരു കോഴ്‌സ് മരുന്നടങ്ങിയതായിരിക്കും 850 രൂപയ്ക്ക് ലഭിക്കുന്ന ഈ നേസല്‍ സ്പ്രേ എന്ന് ഗ്ലെന്‍മാര്‍ക്ക് പറഞ്ഞു.
ഫാബിസ്പ്രേ എന്ന ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കുന്ന നോണ്‍സിന്റെ അളവ് ഓരോ നാസാരന്ധ്രത്തിലും രണ്ട് തവണ സ്‌പ്രേ ചെയ്യല്‍ മാത്രമാണ്. 7 ദിവസത്തേക്ക് ദിവസത്തില്‍ ആറ് തവണ ചെയ്യണമെന്നും കമ്പനി നിര്‍ദേശിക്കുന്നു.
മുകളിലെ ശ്വാസനാളത്തിലെ കോവിഡ് -19 വൈറസിനെ നശിപ്പിക്കാനാണ് സ്പ്രേ ഉപകരിക്കുക, അത് ഇന്‍കുബേറ്റുചെയ്യുന്നതും ശ്വാസകോശത്തിലേക്ക് പടരുന്നതും തടയുന്ന തരത്തിലാണ് നോണ്‍സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഗ്ലെന്‍മാര്‍ക്ക് ക്ലിനിക്കല്‍ ഡെവലപ്മെന്റ് മേധാവി ഡോ. മോണിക്ക ടണ്ടന്‍ പറഞ്ഞു.
'ഇത് നൈട്രിക് ഓക്‌സൈഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ആന്റിമൈക്രോബിയല്‍ ഗുണങ്ങളുള്ളതിനാല്‍ SARS-CoV-2നെ നേരിട്ട് നശിപ്പിക്കുകയും ചെയ്യുന്നു,' ടണ്ടന്‍ വിശദമാക്കി. 'മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഫാബിസ്‌പ്രേയുടെ വില താരതമ്യേന കുറവാണ്' അവര്‍ കൂട്ടിച്ചേര്‍ത്തു.
വാക്‌സിനേഷന്‍ എടുക്കാത്ത രോഗികള്‍, മധ്യവയസ്‌കരും പ്രായമായവരുമായ രോഗികള്‍, മറ്റ് രോഗബാധയുള്ള കോവിഡ് രോഗികള്‍ - രോഗം പുരോഗമിക്കാനുള്ള സാധ്യതയുള്ള തുടക്കക്കാരായ രോഗികള്‍ തുടങ്ങിയവരില്‍ വിശദമായ ട്രയല്‍ നടത്തിയാണ് നേസല്‍ സ്പ്രേ അംഗീകാരം നേടിയതെന്നും കമ്പനി പറയുന്നു.