സ്വര്‍ണവിലയില്‍ 'ഇറക്കം', ആശങ്കയായി ഇ-വേ ബില്‍; ഇന്നൊരു പവന്‍ സ്വര്‍ണത്തിന്റെ വില അറിയാം
സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വിലകുറഞ്ഞു
അന്താരാഷ്ട്ര വിപണിയിലെ മാറ്റത്തിനനുസരിച്ച് സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് (ജൂണ്‍ 14 വെള്ളി) ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,590 രൂപയിലെത്തി. പവന് 52,720 രൂപയാണ്. 200 രൂപയാണ് ഇന്ന് പവനില്‍ കുറവുണ്ടായത്.
യു.എസില്‍ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങലില്‍ കുറവുവരുത്തിയതാണ് അന്താരാഷ്ട്ര വിലയില്‍ താഴാന്‍ കാരണം. യു.എസില്‍ മൊത്തവില കുറഞ്ഞിട്ടുപോലും ഡിമാന്‍ഡ് കൂടുന്നില്ല. കഴിഞ്ഞ മാസം ചൈനയുടെ കേന്ദ്രബാങ്ക് സ്വര്‍ണശേഖരം വാങ്ങിക്കൂട്ടുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. അന്താരാഷ്ട്ര വിലയെ ഇതും സ്വാധീനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വിലകുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിവില ഗ്രാമിന് 94 രൂപയില്‍ തന്നെ തുടരുകയാണ്.
ഒരു പവന് ഇന്നത്തെ വിലയെത്ര?
മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), ഇതിനൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി കൂടി ചേര്‍ത്ത് ഇന്ന് ഒരു പവന്‍ ആഭരണത്തിന് 57,070 രൂപ കൊടുക്കണം. പല സ്വര്‍ണക്കടകളിലും ആഭരണത്തിന്റെ ഡിസൈനിന് ആനുപാതികമായി പണിക്കൂലി വ്യത്യസ്തമാണ്. ചില ആഭരണങ്ങള്‍ക്ക് ബ്രാന്‍ഡ് അനുസരിച്ച് പണിക്കൂലി 20 ശതമാനത്തിനും മുകളിലായിരിക്കും.
സ്വര്‍ണത്തിന് ഇ-വേ ബില്‍
സ്വര്‍ണത്തിന് ഇ-വേ ബില്‍ ഏര്‍പ്പെടുത്താനുള്ള നീക്കം ത്വരിതപ്പെടുത്തുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത് കേരളത്തില്‍ സ്വര്‍ണവില കൂടാന്‍ ഇടയാക്കിയേക്കുമെന്ന ആശങ്ക ഉപയോക്താക്കള്‍ക്കുണ്ട്. വ്യാപാരത്തിന് കൊണ്ടുപോകുന്ന സ്വര്‍ണത്തിന് മാത്രമേ ഇ-വേ ബില്‍ ബാധകമാക്കൂവെന്ന് സര്‍ക്കാര്‍ പറയുമ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.