എന്റെ പൊന്നേ! കത്തിക്കയറി സ്വര്‍ണവില; രണ്ടുദിവസം കൊണ്ട് കയറ്റത്തില്‍ മാസറെക്കോഡ്

രണ്ടു ദിവസം കൊണ്ട് പവന് കൂടിയത് 1,000 രൂപയ്ക്ക് അടുത്താണ്

Update:2024-08-13 10:23 IST

Image Created with Meta AI

അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. ഇന്ന് (ഓഗസ്റ്റ് 13 ചൊവ്വ) ഗ്രാമിന് 95 രൂപ വര്‍ധിച്ച് 6,565 രൂപയാണ്. പവന് 52,520 രൂപയായി. ഇന്ന് മാത്രം പവന് ഉയര്‍ന്നത് 760 രൂപയാണ്. രണ്ടു ദിവസം കൊണ്ട് പവന് കൂടിയത് 1,000 രൂപയ്ക്ക് അടുത്താണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ധനയുണ്ട്, 5,2520 രൂപ. വെള്ളി വില ഒരു രൂപ കൂടി 88 രൂപയിലെത്തി.
കാരണം പശ്ചിമേഷ്യന്‍ സംഘര്‍ഷം
പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണത്തിന്റെ കയറ്റത്തിന് പ്രധാന കാരണം. ഇസ്രയേലിനെ നേരിട്ടാക്രമിക്കാന്‍ ഇറാന്‍ കോപ്പുകൂട്ടുന്നുവെന്ന വാര്‍ത്തകള്‍ തിങ്കളാഴ്ച വൈകുന്നേരം പുറത്തു വന്നതോടെ അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കൂടിയിരുന്നു.
വരുംദിവസങ്ങളിലും സ്വര്‍ണം കയറുമെന്ന സൂചനകളാണ് വിദഗ്ധര്‍ നല്‍കുന്നത്. മറ്റ് രാജ്യങ്ങള്‍ ഇടപെട്ട് സംഘര്‍ഷം ലഘൂകരിച്ചാല്‍ സ്വര്‍ണത്തിന്റെ കാര്യത്തിലും ആശ്വാസ വാര്‍ത്തയെത്തും.
ഇന്നൊരു പവന് എത്ര കൊടുക്കണം?
ഇന്ന് ഒരു പവന്‍ ആഭരണത്തിന് നികുതിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ചാര്‍ജുമടക്കം ഏറ്റവും കുറഞ്ഞവില 56,853 രൂപയാണ്. സ്വര്‍ണവില കുറയുന്നത് എപ്പോഴും മുന്‍കൂര്‍ ബുക്ക് ചെയ്ത് നേട്ടം സ്വന്തമാക്കാന്‍ സുവര്‍ണാവസരമാണ്. വിവാഹ പാര്‍ട്ടികള്‍ക്കാണ് ഇത് കൂടുതല്‍ ഗുണം ചെയ്യുക. അതായത്, ബുക്ക് ചെയ്യുന്ന ദിവസത്തെ വില, ആഭരണങ്ങള്‍ വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്യും. ഏതാണോ ഏറ്റവും കുറവ് ആ വിലയ്ക്ക് സ്വര്‍ണാഭരണം സ്വന്തമാക്കാം.
സംസ്ഥാനത്ത് ഒട്ടുമിക്ക പ്രമുഖ ജുവലറികളും അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍ നല്‍കുന്നുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന സ്വര്‍ണാഭരണങ്ങളുടെ 5-10 ശതമാനം തുക മുന്‍കൂര്‍ അടച്ച് ബുക്ക് ചെയ്യാം. ഉപയോക്താക്കളെ സംബന്ധിച്ച് ഗുണം ചെയ്യുന്നതാണ് ബുക്കിംഗ് രീതി.
Tags:    

Similar News