പിടിവിട്ട പൊന്നിന്‍ കയറ്റത്തിന് ഇടവേള; കേരളപിറവിയില്‍ സ്വര്‍ണത്തിന് വന്‍ ഇടിവ്

വരും മാസങ്ങളില്‍ സ്വര്‍ണവില രാജ്യാന്തര തലത്തില്‍ 3,000 ഡോളര്‍ പിന്നിടുമെന്നാണ് വിലയിരുത്തല്‍

Update:2024-11-01 10:04 IST

Image by Canva

റെക്കോഡുകളില്‍ നിന്ന് റെക്കോഡുകളിലേക്ക് കുതിക്കുന്നതിനിടെ സ്വര്‍ണവിലയില്‍ ഇന്ന് (നവംബര്‍ 1) വന്‍ ഇടിവ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് താഴ്ന്നത്. തുടര്‍ച്ചയായി വില കയറിക്കൊണ്ടിരിക്കുന്ന സമയത്തെ താഴ്ച്ച വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്കും ആശ്വാസം പകരുന്നതായി.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ നിലവിലെ വില 7,385 രൂപയാണ്. പവന്‍ വില 59,640 രൂപയില്‍ നിന്ന് 59,080 രൂപയിലേക്ക് വീണു. രാജ്യാന്തര തലത്തില്‍ വന്‍കിട നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ ലാഭമെടുത്ത് തുടങ്ങിയതാണ് വില കുറയാനുള്ള കാരണങ്ങളിലൊന്ന്. ഇന്നലെ ഔണ്‍സിന് 2,749 ഡോളര്‍ വരെ എത്തിയ സ്വര്‍ണവില നിലവില്‍ 2,751 ഡോളറിലാണ്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായി. 55 രൂപ ഗ്രാമിന് കുറഞ്ഞ് 6,085 രൂപയാണ് നിലവില്‍. വെള്ളിവില മൂന്നുരൂപ കുറഞ്ഞ് 103 രൂപയിലെത്തി. ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തില്‍ സ്വര്‍ണത്തിന്റെ റെക്കോഡ് വില. കേരളത്തിലെ സ്വര്‍ണ പ്രേമികളെ സംബന്ധിച്ച് വലിയ പ്രതിസന്ധി തീര്‍ത്ത മാസമായിരുന്നു കടന്നുപോയത്. പത്തു തവണയാണ് ഒക്ടോബറില്‍ റെക്കോഡ് മാറ്റിയെഴുതിയത്. പവന് 2,600 രൂപയാണ് കഴിഞ്ഞ മാസം മാത്രം കൂടിയത്.

രാജ്യാന്തര വിലയില്‍ എന്തു സംഭവിക്കും?

വരും മാസങ്ങളില്‍ സ്വര്‍ണവില രാജ്യാന്തര തലത്തില്‍ 3,000 ഡോളര്‍ പിന്നിടുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം ഡിസംബറിന് മുമ്പ് ഇത് സംഭവിച്ചേക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷവും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പും വിലയില്‍ മാറ്റം വരാനുള്ള കാരണങ്ങളാണ്. കേരളത്തില്‍ വിവാഹ സീസണ്‍ സജീവമാകുന്ന ഘട്ടത്തില്‍ വിലയിലെ കുതിപ്പ് കുടുംബങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കും.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ കുറഞ്ഞത് അഞ്ചു ശതമാനം പണിക്കൂലി, മൂന്നു ശതമാനം ജിഎസ്ടി, എച്ച്.യു.ഐ.ഡി ചാര്‍ജുകള്‍ എന്നിവയും ചേര്‍ത്ത് 64,000 രൂപയ്ക്ക് മുകളിലാകും. പണിക്കൂലി ഓരോ ജുവലറികളിലും വ്യത്യസ്തമായതിനാല്‍ പലയിടത്തും പല വിലയായിരിക്കും. സ്വര്‍ണത്തിന്റെ വില ദിനംപ്രതി വര്‍ധിക്കുന്നത് മുന്‍കൂര്‍ ബുക്കിംഗ് വര്‍ധിപ്പിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം വാങ്ങാവുന്ന പദ്ധതിയാണിത്.
Tags:    

Similar News