അമ്പോ എന്തൊരു വീഴ്ച! തലകുത്തി വീണ് സ്വര്‍ണം, വന്‍ വിലയിടിവ്, ഒറ്റദിവസം 1,080 രൂപ താഴേക്ക്

വരും ദിവസങ്ങളിലും ഈ പ്രവണത തുടര്‍ന്നേക്കാമെന്ന സൂചനകളാണ് ലഭിക്കുന്നത്

Update:2024-11-12 10:09 IST
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയുമാണ് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്. രാജ്യാന്തര തലത്തിലെ ഇടിവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വില കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7,085 രൂപയും പവന് 56,680 രൂപയുമാണ് നിലവിലെ വില.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 110 രൂപ കുറഞ്ഞ് ഗ്രാമിന് 5,840 രൂപയായി. വെള്ളി വില രണ്ടു രൂപ കുറഞ്ഞ് 97 രൂപയിലെത്തി. ഈ മാസം ഒന്നിന് 59,080 രൂപ വരെയെത്തിയ സ്വര്‍ണവില പിന്നീട് പടിപടിയായി താഴേക്ക് ഇറങ്ങുന്നതാണ് കണ്ടത്. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ജയവും സ്വര്‍ണത്തെ സ്വാധീനിച്ചു.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,617 ഡോളറിലേക്ക് വീണു. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില ഇടിയുന്നതാണ് രാജ്യാന്തര തലത്തിലെയും പ്രത്യേകത. വരും ദിവസങ്ങളിലും ഈ പ്രവണത തുടര്‍ന്നേക്കാമെന്ന സൂചനകളാണ് ലഭിക്കുന്നത്.
നികുതിയും പണിക്കൂലിയും ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഉപയോക്താക്കള്‍ കുറഞ്ഞത് 61,353 രൂപ മുടക്കേണ്ടി വരും. മിക്ക ജുവലറികളിലും പണിക്കൂലി വ്യത്യസ്തമാണ്. അതിനാല്‍ ആഭരണവിലയിലും മാറ്റമുണ്ടാകും.
Tags:    

Similar News