സ്വര്‍ണവില 18ന് ശേഷം പറപറക്കും? കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയോ? ഇന്നത്തെ വിലയറിയാം
വിവാഹ സീസണും ഓണവും ചേര്‍ന്ന് വന്നതോടെ കേരളത്തില്‍ ആഭരണ വില്പന തകര്‍ക്കുകയാണ്
സെപ്റ്റംബര്‍ തുടങ്ങി അഞ്ചു ദിവസം പിന്നിട്ടിട്ടും സ്വര്‍ണവിലയില്‍ യാതൊരു മാറ്റവുമില്ലാതെ മുന്നോട്ടു പോകുന്നു. സെപ്റ്റംബര്‍ ഒന്നിന് പവന് 53,560 രൂപയായിരുന്നു. ആ വിലയില്‍ തന്നെയാണ് അഞ്ചാംതിയതിയിലെ വില്പനയും. ഗ്രാമിന് 6,670 രൂപയാണ്. ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ നിരക്ക് 5,530 രൂപയാണ്. വെള്ളിവില 89 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
അന്താരാഷ്ട്ര വിപണിയിലെ അവസ്ഥ
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,495 ഡോളറാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വില താഴ്ന്ന് നില്‍ക്കുകയാണ്. ഈ രീതി കുറച്ചു ദിവസം കൂടി തുടര്‍ന്നേക്കും. സ്വര്‍ണവിലയെ സ്വാധീനിക്കാന്‍ പോകുന്നൊരു സംഭവം അമേരിക്കയില്‍ പലിശനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ്. ഫെഡ് റിസര്‍വിന്റെ നിര്‍ണായക യോഗം ഈ മാസം 17,18 തിയതികളിലാണ്.
പലിശ നിരക്ക് കുറച്ചാല്‍ ഡോളറിന്റെ മൂല്യത്തിലും കടപ്പത്രങ്ങളില്‍ നിന്നുള്ള ലാഭത്തിലും കുറവു വരും. ഇതോടെ നിക്ഷേപകര്‍ പണം സ്വര്‍ണത്തിലേക്ക് നിക്ഷേപിക്കാനായി മാറ്റും. സ്വര്‍ണവില ഉയരുന്നതിന് ഈ നീക്കം കാരണമാകുകയും ചെയ്യും. പശ്ചിമേഷ്യ, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷങ്ങള്‍ ലഘൂകരിച്ചതും സ്വര്‍ണം വിലയില്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്.
വില്പന പൊടിപൊടിക്കുന്നു
വിവാഹ സീസണും ഓണവും ചേര്‍ന്ന് വന്നതോടെ കേരളത്തില്‍ ആഭരണ വില്പന തകര്‍ക്കുകയാണ്. വിവാഹ പാര്‍ട്ടികള്‍ നേരത്തെ തന്നെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിവയ്ക്കുന്ന തിരക്കിലാണ്. വില താഴ്ന്നു നില്‍ക്കുന്നതു മുതലാക്കുന്നവരുടെ എണ്ണവും കുറവല്ല. പലരും മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തുന്നവരാണ്.
മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 57,762 രൂപ നല്‍കിയാലാണ് കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാനാകൂ. വിവിധ ആഭരണങ്ങള്‍ക്ക് അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരും.