വിമാനത്താവളങ്ങളില്‍ ഇനി കുറഞ്ഞ ചെലവില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം; പുതിയ പദ്ധതിയുമായി കേന്ദ്രം
ചായ, കാപ്പി, സ്‌നാക്‌സ്, വെള്ളം എന്നിവയാകും ആദ്യ ഘട്ടത്തില്‍ കിയോസ്‌കുകളില്‍ ഉണ്ടാകുക
എയര്‍പോര്‍ട്ടുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന യാത്രക്കാരുടെ ഏറ്റവും വലിയ പ്രശ്‌നമാണ് ഭക്ഷണ സാധനങ്ങളുടെ വന്‍ വില. പല എയര്‍പോര്‍ട്ടുകളിലെയും ഭക്ഷണശാലകളില്‍ വലിയ തുക ഈടാക്കുന്നത് പലപ്പോഴും വിമര്‍ശനത്തിന് ഇടയാക്കാറുണ്ട്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ഉഡാന്‍ യാത്രി കഫേ എന്നപേരില്‍ മിതമായ വിലയ്ക്ക് ഭക്ഷണപാനീയങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് കേന്ദ്രം തുടക്കം കുറിച്ചു കഴിഞ്ഞു. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാകും ആദ്യം പദ്ധതി നടപ്പിലാക്കുകയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹന്‍ നായിഡു വ്യക്തമാക്കി.
ഉഡാന്‍ സ്‌കീം വഴി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് പ്രത്യേകം ഭക്ഷണം നല്‍കും. കൊല്‍ക്കത്ത എയര്‍പോര്‍ട്ടിന്റെ ഡിപ്പാര്‍ച്ചര്‍ ഏരിയയിലാണ് ഉഡാന്‍ യാത്രി കഫേ കിയോസ്‌കുകള്‍ അവതരിപ്പിക്കുന്നത്. വൈകാതെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിയന്ത്രിക്കുന്ന എല്ലാ വിമാനത്താവളങ്ങളിലേക്കും ഈ സംരംഭം വ്യാപിപ്പിക്കും. ചായ, കാപ്പി, സ്‌നാക്‌സ്, വെള്ളം എന്നിവയാകും ആദ്യ ഘട്ടത്തില്‍ കിയോസ്‌കുകളില്‍ ഉണ്ടാകുക.