ഗൂഗിളിന് ഇന്ന് 27-ാം പിറന്നാള്‍; കുടുസു മുറിയില്‍ നിന്ന് ലോകം കീഴടക്കിയ അത്ഭുത വളര്‍ച്ച
കാലിഫോര്‍ണിയയിലെ വാടക മുറിയില്‍ ലാറി പേജും സെര്‍ജി ബ്രിന്നും തുടങ്ങിയ സംരംഭം
ഇന്റര്‍നെറ്റിന്റെ ശക്തികേന്ദ്രമായ ഗൂഗിളിന് ഇന്ന് 26 വയസ്. രേഖകള്‍ പ്രകാരമുള്ള ഔദ്യോഗിക ആഘോഷം 27ന്. 1998 സെപ്തംബര്‍ നാലിന് സ്റ്റാന്‍ഫോര്‍ഡ് പി.എച്ച്ഡി വിദ്യാര്‍ഥികളായ ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരാണ് ഗൂഗിള്‍ സ്ഥാപിച്ചത്. വിവര കൈമാറ്റത്തില്‍ വിപ്ലവം സൃഷ്ടിച്ചതാണ് 26 വര്‍ഷത്തെ ചരിത്രം. ഒരു കുടുസു മുറിയില്‍ തുടങ്ങിവെച്ച ചെറു ബിസിനസ് ഇന്ന് ലോകത്തു തന്നെ ടെക് മേഖലയില്‍ ഏറ്റവും നിര്‍ണായക ശക്തിയായ വന്‍കമ്പനി. ആധുനിക ലോകത്ത് നിത്യജീവിതത്തിന്റെ ഓരോ അണുവിലുമുണ്ട് ഗൂഗിള്‍ സ്വാധീനം.
യുട്യൂബിന്റെ മുന്‍സി.ഇ.ഒ സൂസന്‍ വോജിക്കിയുടെ കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലുള്ള ചെറിയ മുറിയിലാണ് ഗൂഗിള്‍ തുടങ്ങി വെച്ചത്. സൂസന്‍ വോജിക്കി കാന്‍സറിനോട് പൊരുതി കഴിഞ്ഞമാസം വരെ പിടിച്ചു നിന്നു; ഒടുവില്‍ തോറ്റു. ആഗോള തലത്തിലുള്ള സെര്‍ച്ച് എഞ്ചിന്‍ വിപണിയുടെ 90 ശതമാനത്തിലധികവും നിയന്ത്രിക്കുന്ന അതികായനായി മാറിയിട്ടുണ്ട് ഇന്ന് ഗൂഗിള്‍ അഥവാ ആല്‍ഫബറ്റ്. ലാറി പേജിനും സെര്‍ജി ബ്രിന്നിനും ഗാരേജ് പോലുള്ള തന്റെ മുറി പ്രതിമാസം 1,700 ഡോളറിനാണ് സൂസന്‍ വോജിക്കി വാടകക്ക് കൊടുത്തത്. മുറിയുടമ 1999ല്‍ മാര്‍ക്കറ്റിങ് മാനേജരായി ചേര്‍ന്നത് പിന്നീടുള്ള കഥ.
ഇന്റര്‍നെറ്റ് ലോകത്ത് സൃഷ്ടിച്ചത് ടെക് വിപ്ലവം
വെബിലെ ഡാറ്റ മെച്ചപ്പെട്ട രീതിയില്‍ ക്രമപ്പെടുത്തിയാണ് പേജും ബ്രിന്നും തുടങ്ങിയത്. ഈ സംരംഭം അതിവേഗം ശ്രദ്ധ നേടി. നിക്ഷേപകരെയും സാങ്കേതിക വിദ്യയില്‍ തല്‍പരരായ ഓരോരുത്തരെയും ആകര്‍ഷിച്ചു. ഒരു വര്‍ഷത്തിനകം കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലേക്ക് കമ്പനി പറിച്ചു നട്ടു. തുടര്‍ന്ന് ഇങ്ങോട്ടുള്ളതെല്ലാം ചരിത്രം. ആദ്യത്തെ സെര്‍ച്ച് എഞ്ചിനില്‍ നിന്ന് ഇന്നത്തെ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ എത്രയോ മാറി! ജിമെയില്‍ പോലുള്ള ഇമെയില്‍ സേവനങ്ങള്‍ മുതല്‍ ക്ലൗഡ് കമ്പ്യൂട്ടിങ് മുതല്‍ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സംവിധാനം വരെ ഇന്റര്‍നെറ്റ് ലോകത്ത് കമ്പനി ടെക് വിപ്ലവം തന്നെ സൃഷ്ടിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാലത്തിലൂടെ അത് മുന്നോട്ടുള്ള പ്രയാണം തുടരുന്നു.