പെട്രോള്‍-ഡീസല്‍ വിലയില്‍ ശുഭവാര്‍ത്ത വൈകില്ല? പക്ഷേ കേരളം എതിര്‍ക്കുമോ?

പ്രത്യേക സ്ലാബിലേക്ക് മാറ്റിയാലും ഇപ്പോഴുള്ള നികുതി ഭാരത്തിനു താഴെയായിരിക്കും ഇന്ധന വില

Update:2024-06-18 16:53 IST

Image Courtesy: x.com/FinMinIndia, canva

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന കാലത്താണ് ഇന്ധന വിലയില്‍ കുറവു വരുത്താന്‍ കേന്ദ്രം തീരുമാനിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് വിലക്കയറ്റം പിടിച്ചുനിര്‍ത്താനും മധ്യവര്‍ഗത്തെ അടുപ്പിക്കാനുമായിരുന്നു സര്‍ക്കാരിന്റെ നീക്കം.
ഇപ്പോഴിതാ പെട്രോള്‍-ഡീസല്‍ വിലയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നു കഴിഞ്ഞു. വരുമാനം വലിയ തോതില്‍ ഇടിയുമെന്നതിനാല്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ജി.എസ്.ടിയിലേക്ക് ഇന്ധനത്തെ വിട്ടുകൊടുക്കുന്നതിനോട് വലിയ താല്പര്യമില്ലായിരുന്നു.
ജൂണ്‍ നാലിനുശേഷം ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥ അടിമുടി മാറിയതിനാല്‍ പഴയ പിടിവാശി മോദി സര്‍ക്കാരിന് ഇപ്പോഴില്ല. വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ധനവിലയെ ജി.എസ്.ടിക്ക് കീഴിലാക്കുമെന്ന് മോദി തന്നെ റാലികളില്‍ പറഞ്ഞിരുന്നു. ധനമന്ത്രി നിര്‍മല സീതാരാമനും ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടില്ല.
ബി.ജെ.പി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ ഇന്ധന വില കുറയ്ക്കണമെന്ന് ആവശ്യമുന്നയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അടുത്തു തന്നെ നിയമസഭ തിരഞ്ഞെടുപ്പ് വരുന്നുണ്ട്. ഇതും ഇന്ധന വിലയുടെ കാര്യത്തില്‍ നിര്‍ണായകമാകും.
സംസ്ഥാനങ്ങള്‍ക്ക് എതിര്‍പ്പ്
ജി.എസ്.ടിയിലേക്ക് നിരക്കുകള്‍ മാറുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്ന വരുമാനം കുറയും. സംസ്ഥാനങ്ങള്‍ക്ക് എണ്ണവില്പനയുടെ നികുതി വരുമാനം നേരിട്ട് കിട്ടാതെ വരും. കേന്ദ്രം നികുതി പിരിച്ച് അവിടെ നിന്നാകും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് വിഹിതം ലഭിക്കുക. വരുമാന സ്വാതന്ത്രം കുറയുന്നുവെന്ന കാരണവും ചില സംസ്ഥാനങ്ങളെങ്കിലും ഉന്നയിച്ചേക്കാം.
പെട്രോള്‍-ഡീസല്‍ വില ജി.എസ്.ടിക്ക് കീഴിലാക്കാന്‍ പരിശ്രമിക്കുമെന്ന് പെട്രോളിയം മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ഹര്‍ദീപ് സിംഗ് പുരിയും സഹമന്ത്രി സുരേഷ് ഗോപിയും വ്യക്തമാക്കിയിരുന്നു.
ജി.എസ്.ടി കൗണ്‍സില്‍ യോഗം 22ന്
എട്ടു മാസത്തെ വലിയ ഇടവേളയ്ക്കു ശേഷം ജൂണ്‍ 22ന് ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. അവസാനം യോഗം ചേര്‍ന്നത് 2023 ഒക്ടോബര്‍ ഏഴിനായിരുന്നു. ഇത്തവണത്തെ യോഗത്തില്‍ പല നിര്‍ണായക തീരുമാനങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് പൊതു വിലയിരുത്തല്‍. പെട്രോളിയം ഉത്പന്നങ്ങള്‍ക്കൊപ്പം മദ്യം, റിയല്‍ എസ്റ്റേറ്റ് മേഖലകളെ കൂടി ജി.എസ്.ടിയുടെ കീഴിലാക്കണമെന്ന ആവശ്യം ശക്തമാണ്.
ജനവിധിയിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രവും ഈ ആവശ്യത്തോടെ അനുകൂലമായി പ്രതികരിക്കാന്‍ സാധ്യതയുണ്ട്. ധനമന്ത്രി നിര്‍മല സീതാരാമനും ഇക്കാര്യത്തോട് യോജിപ്പുണ്ട്. നികുതി വരുമാനത്തില്‍ കുറവു വരുമെന്നതിനാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഏതുരീതിയില്‍ പ്രതികരിക്കുമെന്ന് വ്യക്തമല്ല. മുമ്പ് കേരളം ഇക്കാര്യത്തില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കര്‍ണാടക പെട്രോള്‍-ഡീസല്‍ വില 3 രൂപ വര്‍ധിപ്പിച്ചുവെന്നതും ശ്രദ്ധേയമാണ്.
ജി.എസ്.ടിയില്‍ വന്നാല്‍ വിലകുറയുമോ?
നിലവില്‍ ഇന്ധനത്തിന് ഓരോ സംസ്ഥാനത്തും വ്യത്യസ്ത നിരക്കാണ്. കേന്ദ്രത്തിന്റെ എക്‌സൈസ് നികുതി ഉള്‍പ്പെട 55 ശതമാനത്തിന് മുകളിലാണ് ഇന്ത്യയില്‍ പെട്രോളിന് ഈടാക്കുന്ന നികുതി. ഡീസലിന് ഇത് 50 ശതമാനമാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഇന്ധന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. കേരളത്തില്‍ പെട്രോളിന് 30.08 ശതമാനം സെയില്‍സ് ടാക്‌സ് ഈടാക്കുന്നുണ്ട്. സാമൂഹിക സുരക്ഷ സെസ് എന്ന പേരില്‍ ലിറ്ററിന് 2 രൂപയും ഈടാക്കുന്നു. ഇതിനൊപ്പം ലിറ്ററിന് ഒരു രൂപ അധിക നികുതിയും സംസ്ഥാനം ചുമത്തുന്നു.
ജി.എസ്.ടിയുടെ കീഴിലാക്കി ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനം ചുമത്തിയാലും ഇന്ധന വിലയില്‍ കുറവുണ്ടാകും. നിലവില്‍ ജി.എസ്.ടിക്ക് നാലു സ്ലാബുകളാണുള്ളത്. പെട്രോള്‍-ഡീസല്‍ ഉത്പന്നങ്ങളെ 28 ശതമാനത്തിന് മുകളിലുള്ള പ്രത്യേക സ്ലാബിലേക്ക് മാറ്റിയാലും ഇപ്പോഴുള്ള നികുതി ഭാരത്തിനു താഴെയായിരിക്കും.
Tags:    

Similar News