വ്യാജ ആരോഗ്യ ഇന്‍ഫ്‌ളുവന്‍സർമാർക്ക് പിടി വീഴും
മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്ന് ഉപഭോക്തൃകാര്യ വകുപ്പ്
ആരോഗ്യം, ജീവിത ശൈലി എന്നിവയെ കുറിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കുന്ന സ്വാധീനകർ (ഇന്‍ഫ്‌ളുവന്‍സേഴ്‌സ്) തങ്ങളുടെ യോഗ്യത വെളിപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്ന് ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു.
പ്രേക്ഷകര്‍ക്ക് കാണാനും വായിക്കാനുമാകുന്ന വിധത്തില്‍ വീഡിയോയില്‍ ലേബലായി യോഗ്യതകള്‍ ഉള്‍പ്പെടുത്തണം. പ്രേക്ഷകര്‍ തെറ്റിദ്ധരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിത്. വ്യക്തികള്‍ അവര്‍ ഉപയോഗിച്ചിട്ടില്ലാത്തതോ കൃത്യമായ അറിവില്ലാത്തതോ ആയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ പരസ്യങ്ങള്‍ ചെയ്യരുതെന്നും വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു.
പ്രതിഫലവും വെളിപ്പെടുത്തണം
സാമൂഹിക മാധ്യമങ്ങളിലെ സ്‌പോണ്‍സേഡ് പരസ്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം. സെലിബ്രിറ്റികളും സാമൂഹിക മാധ്യമങ്ങളിലെ ഇന്‍ഫ്‌ളുവന്‍സര്‍മാരും അവര്‍ പ്രോത്സാഹിപ്പിക്കുന്ന ഉത്പന്നങ്ങളുമായി അവര്‍ക്കുള്ള ബന്ധവും അതില്‍ നിന്നു ലഭിക്കുന്ന വരുമാനവും വെളിപ്പെടുത്തണമെന്നായിരുന്നു പ്രധാന നിര്‍ദേശം.
പ്രതിഫലം വാങ്ങി ചെയ്യുന്ന പരസ്യങ്ങളാണെങ്കില്‍ അത് വീഡിയോയില്‍ നിര്‍ബന്ധമായും വ്യക്തമാക്കിയിരിക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ ശുപാര്‍ശ ചെയ്യുന്ന ഉത്പന്നങ്ങള്‍ പ്രേക്ഷകരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നില്ലെന്നും ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തിലാണ് മന്ത്രാലയത്തിന്റെ ഈ നീക്കം.
നിക്ഷേപ ഉപദേശത്തിനും വിലക്ക്
സാമ്പത്തിക മേഖലയിലുള്ള ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ അനാവശ്യ നിക്ഷേപ ഉപദേശങ്ങള്‍ സാമൂഹ്യ മാധ്യങ്ങള്‍ വഴി നല്‍കുന്നതിനെതിരെ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും രംഗത്തു വന്നിരുന്നു. തുടര്‍ന്ന് നിക്ഷേപ ഉപദേശകര്‍ക്കും റിസര്‍ച്ച് അനലിസ്റ്റുകള്‍ക്കുമായി കഴിഞ്ഞയാഴ്ച പരസ്യകോഡ് പുറത്തിറക്കുകയും ചെയ്തു.
DhanamOnline YouTube ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. പുതിയ ബിസിനസ് ആശയങ്ങള്‍, പേഴ്‌സണല്‍ ഫൈനാന്‍സ്, ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റ് വീഡിയോകള്‍ ഇവിടെ കാണാം.