വടക്കന്‍ കേരളത്തില്‍ മഴ കനക്കുന്നു; ചരക്കു നീക്കം പ്രതിസന്ധിയിലേക്ക്

റോഡുകളില്‍ വെള്ളം, പാലങ്ങളില്‍ ഗതാഗത നിരോധനം

Update:2024-07-30 13:01 IST

Image : Canva


ഇടവേളയില്ലാതെ മഴ കനത്തതോടെ വടക്കന്‍ കേരളത്തില്‍ വ്യാപാര മേഖല പ്രതിസന്ധിയിലേക്ക്. റോഡുകളില്‍ വെള്ളം കയറി വാഹനഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. പലയിടത്തും ചരക്കു ലോറികള്‍ ലക്ഷ്യസ്ഥാനത്തെത്താനാകാതെ നിര്‍ത്തിയിട്ടിരിക്കുകയാണ്. ദേശീയ പാതകളില്‍ അടക്കം പോലീസ് വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നുണ്ട്. മേഖലയിലെ പുഴകള്‍ നിറഞ്ഞു തുടങ്ങിയതോടെ വെള്ളപ്പൊക്ക ഭീഷണിയാണ് ഉയരുന്നത്.

അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള അഞ്ചു ജില്ലകളില്‍ മഴ ശക്തമാണ്. കഴിഞ്ഞ രണ്ട് ദിവസം ഇടവേളകളോടെ പെയ്തിരുന്ന മഴ തിങ്കളാഴ്ച രാവിലെ മുതല്‍ ശക്തമായതോടെയാണ് പുഴകളിലും താഴ്ന്ന പ്രദേശങ്ങളിലും ജലനിരപ്പ് ഉയര്‍ന്നത്.  വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളത്. മലയോര മേഖലകളില്‍ മഴ കനത്തതോടെ പുഴകളില്‍ വെള്ളം നിറഞ്ഞു. പ്രധാന പാതകളിലെ പാലങ്ങള്‍ ഏത് നിമിഷവും വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണ്. തൃശൂര്‍, പാലക്കാട് ജില്ലകളുടെ അതിര്‍ത്തിയിലുള്ള പട്ടാമ്പി പാലം അടച്ചു.

തമിഴ്‌നാട്ടില്‍ നിന്നുള്ള ചരക്കുനീക്കത്തെ ബാധിക്കും

റോഡുകളില്‍ വെള്ളം കയറുന്നത് തമിഴ്‌നാട്ടില്‍ നിന്ന് വടക്കന്‍ ജില്ലകളിലേക്കുള്ള ചരക്കു നീക്കത്തെ ബാധിക്കുന്നുണ്ട്. കോയമ്പത്തൂരില്‍ നിന്ന് പാലക്കാട് വഴിയും കര്‍ണാടകയില്‍ നിന്ന് തമിഴ്‌നാട്ടിലെ ഗൂഢല്ലൂര്‍ വഴി മലപ്പുറം ജില്ലയിലേക്കുമുള്ള ചരക്ക് ലോറികള്‍ പലയിടത്തും യാത്ര തടസ്സപ്പെട്ടു കിടക്കുകയാണ്.പാലക്കാട്-കോഴിക്കോട് റോഡിലും നിലമ്പൂര്‍-കോഴിക്കോട് റോഡിലും ഗതാഗത തടസ്സങ്ങളുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതിനാലും പാലങ്ങള്‍ അപകടാവസ്ഥയിലായതിനാലും വാഹനഗതാഗതത്തിന് പോലീസ് പല റൂട്ടുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News