ഡാമുകളില്‍ ശ്രദ്ധ വേണം: 'സുവോ മോട്ടോ' കേസ് എടുത്ത് ഹൈക്കോടതി

Update: 2020-05-28 10:55 GMT

അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്ത് 'സൂവോ മോട്ടോ കേസ് ' ആക്കി. കത്ത് പരിഗണിച്ച് സ്വമേധയാ കേസെടുത്ത ചീഫ് ജസ്റ്റിസിന്റെ ബഞ്ച് സര്‍ക്കാരിനോടും കെഎസ്ഇബിയോടും വിശദീകരണം തേടി.കാലവര്‍ഷം പൊട്ടിപ്പുറപ്പെടുമ്പോള്‍ മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള ഡാമുകള്‍ ഭീഷണിയായി മാറുന്ന സാഹചര്യത്തിലാണ് ഈ സുപ്രധാന സംഭവ വികാസം.

ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജി ഇത്തരത്തില്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കുന്നത് അസാധാരണ നടപടിയാണ്. പല അണക്കെട്ടുകളിലും ഇപ്പോള്‍ത്തന്നെ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണെന്നും, വൈദ്യുതോല്‍പ്പാദനം കുറവാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണ കാലവര്‍ഷമുണ്ടായാലും പ്രളയസാധ്യതയുണ്ടെന്നാണ് കത്തില്‍ പറയുന്നത്.അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കണം. ഇതിനായി ഹൈക്കോടതി ഇടപെടല്‍ വേണമെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടത്.

സാധാരണ വേനല്‍ക്കാലങ്ങളില്‍ ഉണ്ടാകുന്നതിനേക്കാള്‍ ജലനിരപ്പ് ഇപ്പോള്‍ കേരളത്തിലെ പല അണക്കെട്ടുകളിലുമുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ അതനുസരിച്ചുള്ള വൈദ്യുതോല്‍പ്പാദനം പല അണക്കെട്ടുകളിലും നടക്കുന്നില്ല. ഇടുക്കി അണക്കെട്ടില്‍ മൂന്ന് ജനറേറ്ററുകള്‍ കേടായ സ്ഥിതിയിലാണ്. ഈ അവസ്ഥയില്‍ മഴക്കാലത്ത് അണക്കെട്ടുകളിലെ വെള്ളം അല്‍പാല്‍പ്പം തുറന്നുവിടല്‍ പ്രായോഗികമാകില്ല. സാധാരണ കാലവര്‍ഷമാണെങ്കില്‍ത്തന്നെ പ്രളയസാധ്യതയുണ്ടെന്നിരിക്കേ അതിവര്‍ഷമുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകും.

കത്ത് പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ ബഞ്ച്, സര്‍ക്കാരിനോടും കെഎസ്ഇബിയോടും വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. എന്താണ് നിലവില്‍ അണക്കെട്ടുകളിലെ സ്ഥിതിയെന്നും, മഴക്കാലത്തിന് മുമ്പ് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും വിശദീകരിക്കണമെന്നാണ് ആവശ്യം. കേസ് ഇനി അടുത്ത മാസം ആറിന് പരിഗണിക്കും.

കേരളത്തില്‍ തിങ്കളാഴ്ച മുതല്‍ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. ഉംപുണ്‍ ചുഴലിക്കാറ്റിന്റെയും അറബിക്കടലില്‍ രൂപം കൊണ്ട ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെയും പശ്ചാത്തലത്തില്‍ വേനല്‍ക്കാലം അവസാനിക്കുന്നതിന് മുമ്പ് തന്നെ കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്തത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News