ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടച്ച വനിതാ സെലിബ്രിറ്റി ഇവരാണ്, ദീപിക പദുക്കോണും ആലിയ ഭട്ടും പട്ടികയിലില്ല
14 കോടി രൂപ വീതം നികുതിയിനത്തില്‍ നല്‍കി മോഹൻലാലും അല്ലു അർജുനും ഫോർച്യൂൺ ഇന്ത്യ പട്ടികയിൽ ഇടം നേടി
ഏറ്റവും കൂടതല്‍ വരുമാനം സമ്പാദിക്കുന്നവരാണ് വിനോദ മേഖലയില്‍ ഉളളവര്‍. കോടിക്കണക്കിന് രൂപയാണ് എന്റര്‍ടൈന്‍മെന്റ് ഇന്‍ഡസ്ട്രിയില്‍ ഉളളവര്‍ സ്വന്തമാക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടക്കുന്ന സെലിബ്രിറ്റികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഫോർച്യൂൺ ഇന്ത്യ.
മുന്നില്‍ കരീന കപൂര്‍
ഫോർച്യൂണിന്റെ പട്ടിക അനുസരിച്ച് ഈ പട്ടികയില്‍ ഏറ്റവും മുന്നിലെത്തിയിരിക്കുന്ന വനിത ആരും പ്രതീക്ഷിക്കാത്ത ഒരാളാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി അടക്കുന്ന വനിതാ സെലിബ്രിറ്റിയെന്ന നേട്ടം ബോളിവുഡ് താരം കരീന കപൂറിനാണ് ലഭിച്ചിരിക്കുന്നത്.
സിനിമകൾ, വിവിധ അംഗീകാരങ്ങൾ, ബിസിനസ് സംരംഭങ്ങൾ, പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് അമ്പരപ്പിക്കുന്ന വരുമാനമാണ് കരീന സ്വന്തമാക്കിയിട്ടുളളത്. ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍ തുടങ്ങിയ താരങ്ങളെ പിന്നിലാക്കിയാണ് കരീന ഈ നേട്ടത്തില്‍ എത്തിയത്.
കരീന കപൂർ 20 കോടി രൂപയാണ് 2024 സാമ്പത്തിക വര്‍ഷം നികുതിയിനത്തില്‍ അടച്ചത്. 12 കോടി രൂപ നൽകിയ നടി കിയാര അദ്വാനിയാണ് തൊട്ടുപിന്നിൽ. നടി കത്രീന കൈഫ് 11 കോടി രൂപ നൽകി പട്ടികയിൽ മൂന്നാമതാണ് ഉളളത്.
ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ജനപ്രീതി നേടിയ ചിത്രങ്ങളായ ക്രൂ, ജാനെ ജാൻ എന്നീ ചിത്രങ്ങളിലാണ് കരീന അവസാനമായി അഭിനയിച്ചത്. ജയ്ദീപ് അഹ്ലാവത്, വിജയ് വർമ്മ എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രാജേഷ് എ കൃഷ്ണൻ സംവിധാനം ചെയ്ത ക്രൂവില്‍ കൃതി സനോൻ, തബു എന്നിവരാണ് സഹ അഭിനേതാക്കളായി എത്തിയത്.
കരീനയുടെ ആദ്യ നിര്‍മാണ സംരംഭം
ത്രില്ലർ ചിത്രം ദ ബക്കിംഗ്ഹാം മർഡേഴ്സാണ് കരീനയുടെ അടുത്ത ബോക്സ് ഓഫീസില്‍ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. ഏക്താ കപൂറിന്റെ ബാലാജി മോഷൻ പിക്‌ചേഴ്‌സ്, ഹൻസാൽ മേത്ത, കരീനയുടെ സ്വന്തം നിര്‍മാണ കമ്പനി എന്നിവർ ചേർന്നാണ് ദി ബക്കിംഗ്ഹാം മർഡേഴ്‌സ് നിര്‍മിച്ചിരിക്കുന്നത്. ലണ്ടന്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഒരു കുട്ടിയുടെ മാതാവായ കേസ് അന്വേഷണം നടത്തുന്ന ഡിറ്റക്ടീവിന്റെ കഥാപാത്രമാണ് കരീന ചെയ്യുന്നത്.
80 ശതമാനം ഇംഗ്ലീഷിലും 20 ശതമാനം ഹിന്ദിയിലുമായി ഒരുക്കുന്ന ചിത്രത്തിൽ രൺവീർ ബ്രാറും അഭിനയിക്കുന്നുണ്ട്. ഈ വർഷമാദ്യം നടന്ന ബി.എഫ്.ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ പ്രീമിയര്‍ ചെയ്ത ചിത്രത്തിന് കാണികളില്‍ നിന്ന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഹൻസലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഷാരൂഖ് ഖാന്‍
2024 ല്‍ ഏറ്റവും ഉയർന്ന നികുതി അടച്ച ഇന്ത്യൻ സെലിബ്രിറ്റി നടൻ ഷാരൂഖ് ഖാനാണ്. ആഗോളതലത്തിൽ 2,000 കോടിയിലധികം വരുമാനമാണ് ബോക്സ് ഓഫീസില്‍ നിന്ന് താരം നേടിയത്. ഷാരൂഖ് 92 കോടി രൂപയാണ് നികുതി അടച്ചത്. 80 കോടി രൂപ നികുതി അടച്ച തമിഴ് ചലച്ചിത്ര താരം വിജയിയാണ് തൊട്ടു പിന്നിലുളളത്.
നികുതിദായകരുടെ പട്ടികയിൽ ആദ്യ മൂന്നിൽ ഇടംനേടിയ ഒരേയൊരു ദക്ഷിണേന്ത്യൻ താരമാണ് വിജയ്. സൽമാൻ ഖാൻ നൽകിയായി അടച്ചത് 75 കോടി രൂപയാണ്. 14 കോടി രൂപ വീതം നികുതിയിനത്തില്‍ നല്‍കിയ മോഹൻലാലും അല്ലു അർജുനുമാണ് പട്ടികയിൽ ഇടം നേടിയ മറ്റ് രണ്ട് തെന്നിന്ത്യൻ താരങ്ങൾ.