ഹിന്ദുജ കുടുംബത്തിലെ സ്വത്തു തര്‍ക്കം രൂക്ഷം

Update: 2020-06-25 06:23 GMT

ഹിന്ദുജ കുടുംബത്തിലെ 11.2 ബില്യണ്‍ ഡോളറിന്റെ സ്വത്ത് സംബന്ധിച്ച വ്യവഹാരം അതിരൂക്ഷം. സ്വത്തുവിഭജനത്തിന് 2014ല്‍ ഉണ്ടാക്കിയെന്നു പറയുന്ന കരാര്‍ റദ്ദാക്കാന്‍ മൂത്ത സഹോദരന്‍ ശ്രീചന്ദ് ഹിന്ദുജ ലണ്ടനിലെ കോടതിയില്‍ ഹര്‍ജി നല്‍കി. രണ്ടു പുത്രിമാര്‍ മാത്രമുള്ള അദ്ദേഹത്തിന്റെ ഇളയ പുത്രി വിനൂ ആണ് ഇളയച്ഛന്മാര്‍ക്കെതിരെ കേസ് നടത്തുന്നത്.

ഇന്ത്യയിലും യൂറോപ്പിലും പശ്ചിമേഷ്യയിലുമായി പടര്‍ന്നിട്ടുള്ള ഹിന്ദുജ ഗ്രൂപ്പ് അവിഭക്ത ഇന്ത്യയിലെ സിന്ധില്‍ (ഇപ്പോള്‍ പാക്കിസ്ഥാനില്‍) ജനിച്ച പരമാനന്ദ്  സ്ഥാപിച്ചതാണ്.ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളിലൊന്നാണ് ഹിന്ദുജ കുടുബം. നൂറ്റാണ്ടിലേറെ പഴമ അവകാശപ്പെടാവുന്ന ഹിന്ദുജ കുടുംബത്തിന് അശോക് ലെയ്‌ലാന്‍ഡ് ഉള്‍പ്പെടെ 40 രാജ്യങ്ങളിലായി ധനകാര്യ, മാധ്യമ, ആരോഗ്യ, സംരക്ഷണ മേഖലകളിലായാണ് നിക്ഷേപമുള്ളത്.ബ്രിട്ടനിലാണ് കുടുംബാംഗങ്ങള്‍ താമസിച്ചുവരുന്നത്.മിക്കവരും ബ്രിട്ടീഷ് പൗരന്മാരുമാണ്.

എല്ലാവര്‍ക്കും അവകാശപ്പെട്ട സ്വത്ത് നാല് പേരില്‍ ഒരാള്‍ കൈവശം വെച്ചിരിക്കുകയാണെന്നാണ് മറ്റ് മൂന്നു സഹോദരന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കുടുംബത്തിന്റെ കാരണവരായ 84കാരനായ ശ്രീചന്ദ് ഹിന്ദുജയും അദ്ദേഹത്തിന്റെ മകളും ഉന്നയിക്കുന്ന വാദം രേഖയ്ക്ക് നിയമസാധുതയില്ലെന്നാണ്. ഈ രേഖ അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ചുള്ളതല്ലെന്നും കുടുംബത്തിന്റെ സ്വത്തുക്കള്‍ ഭാഗം വെക്കണമെന്ന് 2016ല്‍ ശ്രീചന്ദ് നിര്‍ബന്ധിച്ചിരുന്നുവെന്നും സഹോദരന്മാര്‍ പറയുന്നു.

ലണ്ടന്‍ കോടതിയില്‍ കുടുംബം സമര്‍പ്പിച്ച ഹര്‍ജിയിലാണ് യു കെ ആസ്ഥാനമായുള്ള ഹിന്ദുജ കുടുംബത്തിനുള്ളിലെ തര്‍ക്കം പുറത്തുവരുന്നത്. ഗോപീചന്ദ്, പ്രകാശ്, അശോക് എന്നിവര്‍ ഹിന്ദുജ ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിച്ചെന്നാണ്  വിനൂവിന്റെ ആരോപണം. ശ്രീചന്ദിന്റെ പേരില്‍ മാത്രമുള്ളതാണ് ബാങ്കെന്നാണ് വാദം.  ശ്രീചന്ദിന് തന്റെ അഭിഭാഷകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനുള്ള ശേഷി നിലവിലില്‍ ഇല്ലെന്നും അതുകൊണ്ട് അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനായി മകള്‍ വിനോയെ നിയമിച്ചിട്ടുള്ളതെന്നും കോടതി പറയുന്നു.

വ്യവഹാര നടപടികള്‍ ബിസിനസ്സിനെ ബാധിക്കില്ലെന്നും ഈ നീക്കങ്ങള്‍ കമ്പനിയുടെ സ്ഥാപകന്റെയും കുടുംബത്തിന്റെയും മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഗോപീചന്ദ്, പ്രകാശ്, അശോക് എന്നിവര്‍ പറഞ്ഞു. ഈ തത്ത്വങ്ങള്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നവയാണെന്നും 'എല്ലാം എല്ലാവരുടേതാണ്, ഒന്നും ആരുടേതുമല്ല' എന്ന ആശയത്തില്‍ ഉള്‍ക്കൊണ്ടിട്ടുള്ളതാണെന്നും അവര്‍ വ്യക്തമാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News