ബംഗളുരുവിലും അഹമ്മദാബാദിലും എച്ച്.എം.പി.വി; വൈറസ് ബാധിതര്‍ വിദേശ യാത്ര നടത്താത്തവര്‍
കോവിഡ്കാലം ഓര്‍മയിലേക്ക്; ഉള്‍പ്പേടിയില്‍ ജനം;
ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് അഥവാ എച്ച്.എം.പി.വിയുടെ സാന്നിധ്യം കര്‍ണാടകത്തിലും ഗുജറാത്തിലും കണ്ടെത്തിയതോടെ ജനം ആശങ്കയില്‍. കോവിഡ്കാലം കണ്ടവരില്‍ പുതിയ ഉള്‍പ്പേടി പടര്‍ത്തുകയാണ് വൈറസ്.
ചൈനയില്‍ പുതിയ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കൊപ്പമാണ് ഇന്ത്യയിലെ സ്ഥിരീകരണം. ഇന്ത്യയില്‍ മാത്രമല്ല, ആഗോള തലത്തില്‍ തന്നെ എച്ച്.എം.പി.വി പടരുന്നുവെന്ന സൂചനയാണ് ഇതിനകം ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുള്ളത്. എന്നാല്‍ അസ്വാഭാവികമായി ശ്വാസകോശ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
കര്‍ണാടകത്തില്‍ വൈറസ് ബാധ കണ്ടെത്തിയവര്‍ അന്താരാഷ്ട്ര യാത്ര നടത്തിയവരല്ലെന്നത് ശ്രദ്ധേയമാണ്. ശ്വാസകോശ രോഗങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് രാജ്യം സജ്ജമാണെന്നും അധികൃതര്‍ പറയുന്നു.
ചുമ, പനി... ലക്ഷണങ്ങൾ ഇവ
ചുമ, പനി, ശ്വാസോഛ്വാസ തടസം, തൊണ്ട വരള്‍ച്ച എന്നിവ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്. ആറു ദിവസത്തിനുള്ളില്‍ ഈ ലക്ഷണങ്ങള്‍ പ്രകടമാവും. ചിലര്‍ക്ക് അത് ന്യൂമോണിയയായി മാറിയേക്കാം. എച്ച്.എം.പി.വിക്കെതിരെ വാക്‌സീന്‍ നിലവിലില്ല.
വടക്കന്‍ ചൈനയിലാണ് എച്ച്.എം.പി.വി ബാധിതര്‍ കൂടുതല്‍. കുട്ടികളെയാണ് കൂടുതലായും വൈറസ് പിടികൂടുന്നത്. കോവിഡ് സമാനമായ സാഹചര്യമൊന്നും ഇല്ലെന്നും ആശുപത്രികള്‍ തിങ്ങി നിറയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്നും ചൈനീസ് അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്.
ചൈനയിലെ സാഹചര്യത്തെക്കുറിച്ചോ, വൈറസിനെക്കുറിച്ചോ ലോകാരോഗ്യ സംഘടന പ്രത്യേക പരാമര്‍ശമൊന്നും ഇതുവരെ നടത്തിയിട്ടില്ല. അതേസമയം, വൈറസ് പടരുന്നുവെന്ന റിപ്പോര്‍ട്ടുുകള്‍ സൃഷ്ടിച്ച ഭീതി ഓഹരി വിപണിയില്‍ പ്രകടമായി. വില്‍പന സമ്മര്‍ദത്തിനിടയില്‍ 1.70 ശതമാനമാണ് തിങ്കളാഴ്ചത്തെ വിലത്തകര്‍ച്ച.