9-5 ജോലി പത്ത് വര്‍ഷത്തിനുള്ളില്‍ മരിക്കും, പകരമെന്ത്? ചര്‍ച്ചയായി പുതിയ പ്രവചനം
സോഷ്യല്‍ മീഡിയയെക്കുറിച്ച് 1997ല്‍ നടത്തിയ പ്രവചനം ഇപ്പോഴും വൈറലാണ്
2034നുള്ളില്‍ പരമ്പരാഗത 9-5 ജോലികള്‍ ( രാവിലെ 9ന് തുടങ്ങി വൈകുന്നേരം അഞ്ചിന് അവസാനിക്കുന്നവ) ഇല്ലാതാകുമെന്ന ലിങ്ക്ഡ്ഇന്‍ സഹസ്ഥാപകന്‍ റീഡ് ഹോഫ്മാന്റെ (Reid Hoffman) പ്രവചനം വൈറലായി. നിലവിലെ തൊഴില്‍ സംസ്‌ക്കാരത്തില്‍ നിര്‍മിത ബുദ്ധി വരുത്തുന്ന മാറ്റങ്ങളും അദ്ദേഹം വൈറല്‍ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ പ്രവചനം ഇത്ര സംഭവമാണോ എന്ന് ചിന്തിക്കാന്‍ വരട്ടെ, സോഷ്യല്‍ മീഡിയ സമൂഹത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍, ഷെയറിംഗ് ഇക്കോണമി, നിര്‍മിത ബുദ്ധിയുടെ കടന്നുവരവ് എന്നിവ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവചിച്ചയാളാണ് ഹോഫ്മാന്‍.
പുതിയ മാറ്റം ഇങ്ങനെ
ഹോഫ്മാന്‍ പറയുന്നതനുസരിച്ച് പരമ്പരാഗതമായി രാവിലെ മുതല്‍ വൈകുന്നേരം വരെ ഒരു കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്ന രീതി അവസാനിക്കും. പകരം പല കമ്പനികള്‍ക്കും വേണ്ടി ഒരു ദിവസത്തിലെ പല സമയങ്ങളില്‍ ജോലി ചെയ്യുന്ന 'ഗിഗ്' വ്യവസ്ഥയിലേക്ക് തൊഴില്‍ വിപണി മാറും. ചിലപ്പോള്‍ ഈ കമ്പനികള്‍ വ്യത്യസ്തങ്ങളായ മേഖലയിലുള്ളവയുമാകാം. ഉദാഹരണത്തിന്, ഒരു കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ എഞ്ചിനീയറായും അതിന് ശേഷമുള്ള സമയങ്ങളില്‍ ഒരു എഡ്‌ടെക് കമ്പനിയിലെ അധ്യാപകനായും ജോലി ചെയ്യുന്ന രീതിയിലേക്ക് മാറാം.
നല്ലതാണോ?
പുതിയ മാറ്റങ്ങള്‍ ഒരു പോലെ ഗുണവും ദോഷവുമുള്ളതാണ്. തൊഴിലാളിക്ക് ഇഷ്ടമുള്ള തൊഴില്‍ മേഖലയും സമയവും തെരഞ്ഞെടുക്കാം. പരമ്പരാഗത ജോലികള്‍ക്കുള്ള സുശക്തമായ തൊഴില്‍ മര്യാദകള്‍ ഇവിടെ പാലിക്കേണ്ടതില്ല. ഇത് തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ സംതൃപ്തി നല്‍കിയേക്കാം. പക്ഷേ തൊഴില്‍ സുരക്ഷ പരമ്പരാഗത ജോലികളേക്കാള്‍ വളരെ കുറവായിരിക്കുമെന്നത് തിരിച്ചടിയാണ്.
ഇനി ഫ്രീലാന്‍സിന്റെ കാലം
നിലവിലെ ഓഫീസ് ജോലികളേക്കാള്‍ പണം സമ്പാദിക്കാനാകുന്ന മാറ്റങ്ങളായിരിക്കും ഇനിയുണ്ടാവുക. സ്ഥിര ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരേക്കാള്‍ ഫ്രീലാന്‍സ് ജോലികള്‍ ചെയ്യുന്നവര്‍ പണമുണ്ടാക്കും. ഇതിനായി വിപണിയ്ക്ക് എന്താണ് ആവശ്യമെന്ന് മനസിലാക്കി അതിനനുസരിച്ചുള്ള നൈപുണ്യം ആര്‍ജ്ജിക്കണം. വിദ്യാഭ്യാസ യോഗ്യതയേക്കാള്‍ തൊഴിലിലെ വൈദഗ്ധ്യമാകും കമ്പനികള്‍ പരിഗണിക്കുകയെന്നും വിലയിരുത്തലുണ്ട്.
നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ ചാറ്റ് ജി.പി.ടി നിലവില്‍ വന്നപ്പോള്‍ ലോകത്താകമാനം ആയിരങ്ങളുടെ ജോലിയാണ് കാലഹരണപ്പെട്ടത്. എന്നാല്‍ നിര്‍മിത ബുദ്ധിയെക്കുറിച്ച് പഠിച്ചവര്‍ക്ക് പുതിയ തൊഴില്‍ സാഹചര്യങ്ങള്‍ തുറക്കുകയും ചെയ്തു. പുതിയ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കിയാല്‍ മാത്രമേ മാറുന്ന തൊഴില്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റൂ.