ആഘാതമായി വിലക്കയറ്റം മുതല്‍ ഉയര്‍ന്ന വേതനം വരെ; ഹോട്ടലുകളുടെ നിലനില്പ് അവതാളത്തില്‍

പച്ചക്കറിക്കും മത്സ്യ-മാംസ ഇനങ്ങള്‍ക്കും ഒരുപോലെ വില കൂടിയ കാലം ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്ന് ഹോട്ടലുകാര്‍ പറയുന്നു

Update:2024-06-14 09:59 IST

Image Courtesy: x.com/aidendcunha

സംസ്ഥാനത്തെ ഹോട്ടല്‍ മേഖല മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റം മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരുടെ അന്യായമായ പരിശോധനകള്‍ വരെ നീളുന്നു ഹോട്ടല്‍ നടത്തിപ്പുകാരുടെ പ്രശ്‌നങ്ങള്‍.
ലൈസന്‍സ് പുതുക്കി നല്‍കുന്നില്ല
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് നിഷേധാത്മക സമീപനമാണ് തങ്ങള്‍ക്ക് നേരിടേണ്ടി വരുന്നതെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ ധനംഓണ്‍ലൈനോട് പറഞ്ഞു. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ പേരുപറഞ്ഞാണ് ഹോട്ടലുടമകളെ ദ്രോഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഹോട്ടലുകളില്‍ സ്ഥാപിക്കണമെങ്കില്‍ ആറുമുതല്‍ എട്ടുലക്ഷം രൂപ വരെ മുടക്കേണ്ടി വരും. ചെറിയ വരുമാനത്തില്‍ മുന്നോട്ടു പോകുന്ന ഹോട്ടലുകളെ സംബന്ധിച്ച് ഇത് പ്രായോഗികമല്ലെന്നും ജയപാല്‍ പറഞ്ഞു. സര്‍ക്കാരിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥരില്‍ നിന്നുള്ള ഉപദ്രവത്തിന് കുറവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധനങ്ങളുടെ വന്‍ വിലവര്‍ധന
വിപണിയില്‍ സകല സാധനങ്ങളുടെയും വില വലിയതോതില്‍ ഉയരുകയാണ്. അരി, പച്ചക്കറി എന്നിവയ്‌ക്കൊപ്പം മീനും ഇറച്ചിയുമെല്ലാം പിടിച്ചാല്‍ കിട്ടാത്ത നിലയിലാണ്. 120-150 രൂപ ഉണ്ടായിരുന്ന മത്തിയുടെ വില 300-350 രൂപയ്ക്ക് മുകളിലാണ്. ട്രോളിംഗിനു ശേഷം മീന്‍ വരവ് കുറഞ്ഞതാണ് ഇതിനു കാരണം.
വില കൂടിയതോടെ പല ഹോട്ടലുടമകളും ഇത്തരം വിഭവങ്ങള്‍ താല്‍ക്കാലികമായി മെനുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബീഫിന്റെ വിലയും 400ന് മുകളിലാണ്. ഒരുപരിധിയില്‍ കൂടുതല്‍ വിലകൂട്ടാന്‍ പറ്റാത്തതിനാല്‍ പലരും അളവ് കുറച്ചാണ് പിടിച്ചുനില്‍ക്കുന്നത്.
പച്ചക്കറിക്കും മത്സ്യ-മാംസ ഇനങ്ങള്‍ക്കും ഒരുപോലെ വില കൂടിയ കാലഘട്ടം ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്ന് ഹോട്ടലുകാര്‍ പറയുന്നു. എല്ലാ വിഭവങ്ങള്‍ക്കും അവശ്യഘടകമായ സവാളയുടെ വിലയും ഒരിടവേളയ്ക്കുശേഷം കുതിക്കുകയാണ്. ഇതിനിടെ വാണിജ്യ ഗ്യാസ് സിലിണ്ടറുകള്‍ക്കുണ്ടായ നാമമാത്ര വിലക്കുറവ് മാത്രമാണ് ചെറിയൊരു ആശ്വാസം.
ജീവനക്കാരുടെ ശമ്പളം
കേരളത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഹോട്ടലുകളിലെ ജീവനക്കാരില്‍ മുക്കല്‍പങ്കും ഇതരസംസ്ഥാന തൊഴിലാളികളാണ്. മുമ്പ് കുറഞ്ഞ വേതനത്തിന് ഹോട്ടലുകളിലേക്ക് ജീവനക്കാരെ കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറി. ഇടത്തരം ഹോട്ടലിലെ പാചകക്കാരന് 1,500 മുതല്‍ 2,000 രൂപ വരെ പ്രതിദിന വേതനം നല്‍കണം. വെയിറ്റര്‍ക്ക് 700-900 രൂപയാണ് ദിവസശമ്പളം. ഹെല്‍പ്പര്‍ക്ക് ഇത് 600-800 രൂപ വരെയാണ്.
മറ്റ് മേഖലകളില്‍ കൂടുതല്‍ വരുമാനം ലഭിക്കുമെന്നതിനാല്‍ ജീവനക്കാരെ കിട്ടാന്‍ പ്രയാസമാണെന്ന് റെസ്റ്റോറന്റ് ഉടമകള്‍ പറയുന്നു. ശരാശരി രണ്ടു മാസം മാത്രമാണ് മിക്ക ജീവനക്കാരും ഹോട്ടലുകളില്‍ ജോലിക്ക് നില്‍ക്കുന്നത്. പുതിയ ജീവനക്കാരെ കിട്ടുകയെന്നത് ശ്രമകരമായ ജോലിയാണെന്ന് ഉടമകള്‍ പറയുന്നത്.
വെല്ലുവിളിയായി തട്ടുകട
റോഡ് സൈഡില്‍ തട്ടുകടകളും വാഹനങ്ങളില്‍ കച്ചവടവും നടത്തുന്നവരില്‍ നിന്നുള്ള മല്‍സരം റെസ്‌റ്റോന്റുകാര്‍ക്ക് വലിയ വെല്ലുവിളിയാണ്. കൊവിഡിനുശേഷം വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി ഭക്ഷണവില്പന നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് ഹോട്ടലുകാര്‍ പറയുന്നു. വാടകയോ വൈദ്യുതിബില്ലോ ഒന്നും ഇത്തരം കച്ചവടക്കാര്‍ക്ക് നല്‍കേണ്ടതില്ല. കച്ചവടം കുറയുന്ന സ്ഥലത്തു നിന്ന് മറ്റിടങ്ങളിലേക്ക് അതിവേഗം മാറാനും ഇവര്‍ക്ക് സാധിക്കും. ഇത്തരം അനധികൃത കച്ചവടക്കാരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ കേട്ടഭാവം നടിക്കുന്നില്ലെന്നാണ് ഹോട്ടലുടമകളുടെ പരാതി.
ഒരു ചെറിയ ഹോട്ടലിന് പ്രതിദിന വാടക 700 രൂപയ്ക്ക് മുതലാണ്. നഗരങ്ങളിലും പ്രധാന സെന്ററുകളിലും ഇത് വീണ്ടും ഉയരും. ഇത്രയും വാടകയും നല്‍കി ഹോട്ടല്‍ നടത്തിക്കൊണ്ട് പോകുന്നത് ദുഷ്‌കരമായ കാര്യമാണെന്നാണ് പലരും പറയുന്നത്. ഒരു ഇടത്തരം ഹോട്ടല്‍ നടത്തുന്നയാള്‍ക്ക് പുലര്‍ച്ചെ മുതല്‍ രാത്രി വരെ അധ്വാനിച്ചാല്‍ സ്വന്തം കൂലിപോലും എടുക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
Tags:    

Similar News