20 മാസങ്ങള്‍ നിര്‍ണായകം, രാജ്യത്തെ വേഗതയേറിയ മെട്രോ നിര്‍മ്മാണ ഏജന്‍സിയാകാന്‍ കൊച്ചി മെട്രോ
കലൂര്‍-കാക്കനാട് കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മാണത്തിന് തുടക്കം
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വയഡക്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. വയഡക്ട് നിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ടെസ്റ്റ് പൈലിങും ആരംഭിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക് നാഥ് ബെഹ്റ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ചരിത്ര നേട്ടത്തിലേക്ക് കൊച്ചി മെട്രോ
1,957.05 കോടി രൂപയാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മ്മാണത്തിനുള്ള പദ്ധതി തുക. 11.2 കിലോ മീറ്റർ നീളത്തിലുള്ള വയഡക്ട് നിര്‍മ്മാണത്തിനുള്ള കരാര്‍ അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിനാണ് നല്‍കിയിരിക്കുന്നത്. 1,141.32 കോടി രൂപയാണ് കരാര്‍ തുക. 20 മാസമാണ് പണി പൂര്‍ത്തീകരിക്കാനുള്ള കാലാവധി. ഈ കാലയളവിനുള്ളില്‍ പണി തീര്‍ന്നാല്‍ ഇന്ത്യയിലെ വേഗതയേറിയ മെട്രോ നിര്‍മ്മാണ ഏജന്‍സി എന്ന പൊന്‍തൂവല്‍കൂടി കൊച്ചി മെട്രോക്ക് ലഭിക്കും.
പൈല്‍ ടെസ്റ്റുകള്‍ നടത്തും
മെട്രോ പോലുള്ള വലിയ നിര്‍മ്മിതികള്‍ക്ക് പൈല്‍ ഫൗണ്ടേഷനാണ് കൂടുതല്‍ അഭികാമ്യം. വയഡക്ടിന്റെ ഭാരത്തെ പൈല്‍ ഫൗണ്ടേഷനുകള്‍ ഭൂമിക്കടിയിലുള്ള കൂടുതല്‍ സ്ഥിരതയുള്ള മണ്ണിന്റെയും കല്ലിന്റെയും പാളികളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നു. പൈല്‍ ഫൗണ്ടേഷന്റെ സമഗ്രതയും ഭാരം വഹിക്കാനുള്ള ശേഷിയും ഉറപ്പാക്കാന്‍ പൈല്‍ ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ള നാലു ടെസ്റ്റ് പൈലുകള്‍ കൂടി സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്ക് വരെയുള്ള ഭാഗങ്ങളില്‍ നടത്താനാണ് കൊച്ചി മെട്രോ തീരുമാനിച്ചിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട നടപടികള്‍ ഉടന്‍ ആരംഭിക്കും. കൂടാതെ വയഡക്ടിന്റെ അലൈന്മെന്റില്‍ വിവിധ ഇടങ്ങളില്‍ മണ്ണ് പരിശോധനാ പ്രവര്‍ത്തനങ്ങള്‍ ഉടനെ തന്നെ ആരംഭിക്കും. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക് വരെയുള്ള വയഡക്ട് അലൈമെന്റില്‍ ടോപ്പോഗ്രാഫി സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.