ബി.എസ്.എന്‍.എല്ലിന്റെ സര്‍പ്രൈസ് മൂവില്‍ കോളടിച്ചത് ഇവിടുത്തുകാർക്ക്, ഇങ്ങനെയൊരു സേവനം രാജ്യത്താദ്യം

ഇടിമിന്നല്‍ വേഗം, 4ജി സാമ്പിള്‍ മാത്രം; സ്വന്തം ടെക്‌നോളജിയില്‍ ബി.എസ്.എന്‍.എല്‍ ഒരുക്കുന്നത് കിടിലന്‍ 5ജി

Update:2024-09-09 13:04 IST

image credit : canva bsnl

പൊതുമേഖലാ ടെലികോം ഓപറേറ്ററായ ബി.എസ്.എന്‍.എല്‍ തദ്ദേശീയമായി വികസിപ്പിച്ച 5ജി നെറ്റ്‌വര്‍ക്കിന്റെ പരീക്ഷണം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ആരംഭിച്ചു. ഡല്‍ഹിയിലെ നെഹ്‌റു പ്ലേസ്, ചാണക്യപുരി, മിന്റ് റോഡ് എന്നിവിടങ്ങളിലാണ് ആദ്യപരീക്ഷണം നടക്കുന്നത്. അടുത്ത വര്‍ഷത്തോടെ 5ജി നെറ്റ്‌വര്‍ക്ക് രാജ്യത്ത് ആരംഭിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. 5ജി പരീക്ഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് കമ്പനി പുറത്തിറക്കിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ആന്‍ഡ്രോയിഡ് ടിവി ആപ്പ്

അതിനിടെ ആന്‍ഡ്രോയിഡ് ടിവി ഉപയോക്താക്കള്‍ക്കായി ലൈവ് ടിവി ആപ്പും ബി.എസ്.എന്‍.എല്‍ പുറത്തിറക്കി. വീ കണക്ട് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ആപ്പ് നിര്‍മിച്ചത്. 4കെ വീഡിയോ സ്ട്രീമിംഗ്, ബില്‍റ്റ് ഇന്‍ വൈഫൈ റൂട്ടര്‍, പ്രധാന ഒ.ടി.ടി ആപ്പുകള്‍ ഉപയോഗിക്കാനും സി.സി.ടി.വി ക്യാമറകളുമായി ബന്ധിപ്പിക്കാനുമുള്ള സൗകര്യം തുടങ്ങിയവ ആപ്പിലുണ്ടാകും. എന്തൊക്കെ ഫീച്ചറുകളാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍ പരമ്പരാഗത ടെലികോം സേവനങ്ങളില്‍ നിന്നും പുത്തന്‍ രീതികളിലേക്ക് മാറാനുള്ള ബി.എസ്.എന്‍.എല്ലിന്റെ നീക്കങ്ങള്‍ ശുഭസൂചകമാണെന്നാണ് വിലയിരുത്തല്‍.

പരീക്ഷണം മധ്യപ്രദേശില്‍

അതേസമയം, ലൈവ് ടിവി ആപ്പിന്റെ പരീക്ഷണം മധ്യപ്രദേശില്‍ ബി.എസ്.എന്‍.എല്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പരീക്ഷണാര്‍ത്ഥം സൗജന്യമായാണ് സേവനങ്ങള്‍ നല്‍കുന്നത്. ഇതാദ്യമായാണ് ഇത്തരത്തിലുള്ള സേവനങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നതെന്നും ബി.എസ്.എന്‍.എല്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. ബി.എസ്.എന്‍.എല്‍ ഫൈബര്‍ ടു ഹോം (എഫ്.ടി.ടി.എച്ച്) കണക്ഷനും ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 10ന് മുകളിലുള്ള ടിവിയുമുള്ളവര്‍ക്ക് ആപ്പിന്റെ സേവനം ലഭ്യമാകും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

തിരുമ്പി വന്തിട്ടേന്ന് സൊല്ല്

കുറച്ചുകാലം മുമ്പ് വരെ കടത്തില്‍ മുങ്ങി പ്രതിസന്ധിയിലായിരുന്ന ബി.എസ്.എന്‍.എല്‍ ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്. ഇന്ത്യയുടെ അഭിമാനമായിരുന്ന പൊതുമേഖലാ സ്ഥാപനത്തെ രക്ഷിച്ചെടുക്കാന്‍ കേന്ദ്രം മൂന്ന് രക്ഷാ പാക്കേജുകളാണ് പ്രഖ്യാപിച്ചത്. 2019ല്‍ 69,000 കോടി രൂപയും 2022ല്‍ 1.64 ലക്ഷം കോടി രൂപയും അവസാന ഘട്ടമായി 89,047 കോടി രൂപയും അടുത്തിടെ 6,000 കോടി രൂപയും ബി.എസ്.എന്‍.എല്ലിന് അനുവദിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും മികച്ച പിന്തുണ ലഭിച്ചതും അപ്രതീക്ഷിതമായി സ്വകാര്യ കമ്പനികള്‍ നിരക്കുകള്‍ കൂട്ടിയതും ബി.എസ്.എന്‍.എല്ലിന് തുണയായി. ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് സ്വകാര്യ കമ്പനികളുടെ സിം കാര്‍ഡ് ഉപേക്ഷിച്ച് ബി.എസ്.എന്‍.എല്ലിലേക്ക് തിരികെ വന്നത്.

ഒരു ലക്ഷം ടവറുകള്‍ രാജ്യത്തുയരും

കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ ബി.എസ്.എന്‍.എല്‍ 4ജി സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മുംബയിലെയും ഡല്‍ഹിയിലെയും നഗരവാസികള്‍ക്ക് ഉടന്‍ തന്നെ ബി.എസ്.എന്‍.എല്‍ 4ജി സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. നിലവില്‍ രാജ്യത്തെ 25,000ല്‍ അധികം ടവറുകളില്‍ 4 ജി സേവനങ്ങള്‍ ലഭ്യമാണ്. അടുത്ത വര്‍ഷം മാര്‍ച്ചോടെ ടവറുകളുടെ എണ്ണം ഒരുലക്ഷമാക്കാനാണ് കമ്പനിയുടെ ലക്ഷ്യം. 5ജി നെറ്റ്‌വര്‍ക്കിലേക്ക് എളുപ്പത്തില്‍ മാറാവുന്ന തരത്തിലാണ് ഈ ടവറുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
Tags:    

Similar News