കോവിഡ് 19 :ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തില്‍ ഇന്ത്യന്‍ വാക്സിന്‍

Update: 2020-07-03 11:53 GMT

ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കും.രാജ്യത്തെ ആറ് പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ കീഴിലാണ് പരീക്ഷണം നടത്തുന്നതെന്ന് ഐ സി എം ആര്‍ അറിയിച്ചു. ആദ്യ വിജയ ഫലങ്ങളുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാന മന്ത്രിക്കു നിര്‍ണ്ണായക പ്രഖ്യാപനം നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഗവേഷകര്‍. വാക്‌സിന്‍ രാജ്യത്തിനു മുന്നില്‍ അന്നവതരിപ്പിക്കാന്‍ അന്ന് സാധ്യമായേക്കുമെന്ന വിശ്വാസവും ചില വിദഗ്ധര്‍ പങ്കുവച്ചുതുടങ്ങി.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ച് 'കോവാക്‌സിന്‍' വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക്  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആണ് നേതൃത്വം നല്‍കുന്നത്.ഡല്‍ഹിയിലെയും പട്നയിലെയും ഓള്‍ ഇന്ത്യ  ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കല്‍ സയന്‍സ്, വിശാഖപട്ടണത്തെ കിംഗ് ജോര്‍ജ് ഹോസ്പിറ്റല്‍, റോത്തക്കിലെ പണ്ഡിറ്റ് ഭഗ്വത് ദയാല്‍ ശര്‍മ്മ പോസ്റ്റ് ഗ്രാജുവേറ്റ്  ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കല്‍ സയന്‍സെസ്സ്, ഹൈദരാബാദിലെ നിസ്സാം  ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കല്‍ സയന്‍സ് എന്നിവയ്ക്കാണ്  പരീക്ഷണച്ചുമതല നല്‍കിയട്ടുള്ളത്.

വിശാഖപട്ടണം, റോഹ്തക്, ന്യൂഡല്‍ഹി, പട്‌ന, ബെല്‍ഗാം (കര്‍ണാടക), നാഗ്പൂര്‍, ഗോരഖ്പൂര്‍, കട്ടന്‍കുളത്തൂര്‍ (തമിഴ്നാട്), ഹൈദരാബാദ്, ആര്യ നഗര്‍, കാണ്‍പൂര്‍ (ഉത്തര്‍പ്രദേശ്), ഗോവ എന്നിവിടങ്ങളില്‍ ട്രയല്‍ നടത്തും.സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നിരീക്ഷിക്കുന്ന ഒരു 'മുന്‍ഗണനാ പദ്ധതി' ആയതിനാല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വേഗത്തിലാക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളോട് ഐസിഎംആര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പ്രമുഖ മരുന്നു നിര്‍മാണ കമ്പനിയായ സെഡസ് കാഡില തയ്യാറാക്കിയ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിനും സെന്‍ട്രല്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. മറ്റ് പത്തോളം കമ്പനികളും ക്ലിനിക്കല്‍ പരിശോധനയുടെ അനുമതിക്കായി സെന്‍ട്രല്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെ സമീപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോവാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണ നീക്കത്തിന്റെ പുരോഗതി വിലയിരുത്തിയിരുന്നു. ഈ മാസം 31 നകം ക്ളിനിക്കല്‍ പരീക്ഷണത്തിന്റെ രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയാക്കാന്‍ ആണ് യോഗത്തില്‍ ഉണ്ടായ തീരുമാനം. ക്ലിനിക്കല്‍ പരിശോധനയും ആയി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിലെ വിവിധ നടപടിക്രമങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് മേല്‍നോട്ടം വഹിക്കച്ചുവരുന്നു.ഓഗസ്റ്റില്‍ പ്രഖ്യാപനം ഉണ്ടായാലും സെപ്റ്റംബറോടെ മാത്രമേ വാക്സിന്‍ പൊതുവിപണിയില്‍ എത്തിക്കാന്‍ കഴിയുകയുള്ളു എന്ന് ഐസിഎംആര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കോവിഡ് 19 നെതിരെ ലോകമെമ്പാടും ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വാണിജ്യപരമായ ഉപയോഗത്തിനായി ഒരു വാക്‌സിനും ഇതുവരെ അംഗീകരിച്ചിട്ടില്ല. ആഗോളതലത്തില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നൂറിലധികം വാക്‌സിനുകളാണ് മനുഷ്യരില്‍ പരീക്ഷിക്കപ്പെട്ടുവരുന്നത്. ആദ്യഘട്ട പരീക്ഷണങ്ങളില്‍ ചില മരുന്നുകള്‍ ഫലപ്രദമാണെന്നു കണ്ടെങ്കിലും ഉദ്ദേശിച്ച തലത്തിലേക്ക് ഇതുവരെയും പുരോഗമിച്ചിട്ടില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News