ഗീതാ ഗോപിനാഥ് ഐഎംഎഫ് വിടുന്നു, വീണ്ടും ഹാര്‍വാഡിലേക്ക്
മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരിക്കെ ആണ് ഗീതാ ഗോപിനാഥ് ഐഎംഎഫില്‍ എത്തുന്നത്. ഐഎംഎഫില്‍ ഉന്നത പദവി അലങ്കരിക്കുന്ന ആദ്യ വനിത കൂടിയാണിവര്‍.
പ്രമുഖ സാമ്പത്തിക വിദഗ്ധയും മലയാളിയുമായ ഗീതാ ഗോപിനാഥ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ (ഐഎംഎഫ്) നിന്ന് അടുത്ത വര്‍ഷം പടിയിറങ്ങും. ഐഎംഎഫില്‍ ചീഫ് ഇക്കണോമിസ്റ്റായി സേവനം അനുഷ്ഠിച്ചുവരുകയാണ് ഗീതാ ഗോപിനാഥ് . അടുത്ത ജനുവരിയില്‍ അവര്‍ വീണ്ടും ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി ഇക്കണോമിക്‌സ് വിഭാഗത്തില്‍ അധ്യാപികയാകും.
2018ല്‍ ആണ് ഗീതാ ഗോപിനാഥ് ഐംഎഫില്‍ എത്തുന്നത്. നേരത്തെ ഗീതാ ഗോപിനാഥിന് ഒരു വര്‍ഷം കൂടി യൂണിവേഴ്‌സിറ്റി ലീവ് നീട്ടി നല്‍കിയിരുന്നു. നിലവില്‍ ഐഎംഎഫ് ഗവേഷണ വിഭാഗം മേധാവി ആണ് ഇവര്‍. ആഗോള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ഈ വിഭാഗമാണ്.
ഐഎംഎഫില്‍ ഉന്നത പദവി അലങ്കരിക്കുന്ന ആദ്യ വനിത കൂടിയാണ് ഗീതാ ഗോപിനാഥ്. കൊവിഡ് കാലത്ത് ഗീതാ ഗോപിനാഥ് മികച്ച പ്രവര്‍ത്തങ്ങളാണ് നടത്തിയതെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവിയ പറഞ്ഞു. ഗീതാ ഗോപിനാഥ് സഹ എഴുത്തുകാരി ആയ "പാന്‍ഡമിക് പേപ്പര്‍" വാക്‌സിനേഷന്‍ ലക്ഷ്യം നിശ്ചയിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിരുന്നു. ഗീതാ ഗോപിനാഥിന് പകരം എത്തുന്നയാളെ ഉടന്‍ തീരുമാനിക്കുമെന്നും ക്രിസ്റ്റലീന ജോര്‍ജീവിയ അറിയിച്ചു.
2016 മുതല്‍ ഐഎംഎഫില്‍ എത്തുന്നത് വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥ് സൗജന്യ സേവനം നല്‍കിയരുന്നു.ഹാര്‍വാര്‍ഡ് യൂണീവേഴ്‌സിറ്റി ഇക്കണോമിക്‌സ് വിഭാഗത്തിന്റെ ചരിത്രത്തില്‍ Tenured Professor ആകുന്ന മൂന്നാമത്തെ വനിതയാണ് ഇവര്‍. നോബല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്നിന് ശേഷം ഈ പദവി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയുമാണ് ഗീതാ ഗോപിനാഥ്.