ഡാറ്റ തീറ്റ ചില്ലറയല്ല; അഞ്ചു വര്‍ഷം കൊണ്ട് ഉപയോഗം വര്‍ധിച്ചത് നാലിരട്ടി
ഒ.ടി.ടി, ഓണ്‍ലൈന്‍ ഗെയിമിങ്, വേള്‍ഡ് കപ്പ് ...ചാര്‍ജ് വര്‍ധന വിഷയമല്ല
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ഒരാളുടെ മൊബൈല്‍ ഡാറ്റ ഉപയോഗത്തില്‍ ഉണ്ടായ വര്‍ധന നാലിരട്ടി. അഞ്ച് ജി.ബിയായിരുന്ന ഉപയോഗം പ്രതിമാസം 20 ജി.ബിയായി വര്‍ധിച്ചു.
നെറ്റ്‌വര്‍ക്ക് വിപുലപ്പെട്ടതും, ഇന്റര്‍നെറ്റിലെ ഉളളടക്കം കൂടിയതും മാത്രമല്ല താങ്ങാവുന്ന നിരക്കില്‍ ഡാറ്റാ പ്ലാനുകള്‍ കിട്ടുന്നതും മൊബൈല്‍ ഫോണ്‍ താങ്ങാവുന്ന വിലയ്ക്ക് കിട്ടുന്നതും ഡാറ്റ ഉപയോഗം വര്‍ധിക്കാന്‍ കാരണമായി. .ടി.ടി പ്ലാറ്റ്‌ഫോമുകളും ഓണ്‍ലൈന്‍ ഗെയിമിങ്ങും മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിപ്പിച്ചിട്ടുണ്ട്. ക്രിക്കറ്റ് വേള്‍ഡ് കപ്പ്, ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് തുടങ്ങിയവ മറ്റു കാരണങ്ങള്‍. വാര്‍ഷികാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇന്ത്യയിലെ ഡാറ്റ ഉപയോഗം 20 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
ഏറ്റവും കൂടിയ ഡാറ്റ ഉപയോഗം ഇന്ത്യയില്‍
ചൈനയാണ് ജനസംഖ്യയില്‍ മ്ുന്നിലെങ്കിലും, ഏറ്റവും ഉയര്‍ന്ന ഡാറ്റ ഉപയോഗം ഇന്ത്യയിലാണ്. ശരാശരി ഒരു ഉപയോക്താവ് പ്രതിമാസം 24 ജി.ബി ഡാറ്റ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ മൂന്നു വര്‍ഷവുമായി തട്ടിച്ചു നോക്കിയാല്‍ ഡാറ്റ ഉപയോഗം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്നു മാസങ്ങളില്‍ 2.4 മടങ്ങ് വര്‍ധിച്ചുവെന്നാണ് റിലയന്‍സ് ജിയോയുടെ കണക്ക്. ആളോഹരി ഡാറ്റ ഉപയോഗം 13.3 ജി.ബിയില്‍ നിന്ന് 28.7 ജി.ബിയായി വര്‍ധിച്ചു. വിപണി വിഹിതത്തില്‍ 41 ശതമാനം കൈയടക്കി ജിയോയാണ് കഴിഞ്ഞമാസം മുന്നിട്ടു നിന്നത്. ഡാറ്റ ഉപയോഗം വര്‍ധിച്ചതിനൊത്ത് ലാഭത്തില്‍ കണ്ണുവെച്ച് സ്വകാര്യ ടെലികോം കമ്പനികള്‍ ഈയിടെ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. നിരക്ക് വര്‍ധന ഉപയോഗം നിയന്ത്രിക്കാന്‍ പ്രേരിപ്പിക്കില്ലെന്ന പ്രവണത കൂടിയാണ് ഡാറ്റ ഉപയോഗത്തിന്റെ കണക്കുകള്‍ പറഞ്ഞു തരുന്നത്.