സൂക്ഷിക്കുക; ആദായ നികുതി റിട്ടേണിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍; തട്ടിപ്പുകാര്‍ എത്തുന്നത് ഇങ്ങനെ
ഐ.ടി.ആർ ഇ-വെരിഫൈ ചെയ്തില്ലെങ്കിൽ ഫയലിംഗ് പ്രക്രിയ അപൂർണ്ണമാകും
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ജൂലൈ 31 ആണ്. റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം അവശേഷിക്കുകയാണെന്ന സാഹചര്യം മുതലെടുത്ത് തട്ടിപ്പുകാരും കൂടുതലായി രംഗത്തിറങ്ങിയിരിക്കുകയാണ്. റിട്ടേണ്‍ നല്‍കിയവര്‍ക്ക് റീഫണ്ട് ഉണ്ടെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകള്‍ വര്‍ധിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിവിധ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി വരികയാണ്.
നിലവില്‍ ആളുകളെ ഇ-മെയില്‍ വഴിയാണ് കൂടുതലായും തട്ടിപ്പുകാര്‍ ബന്ധപ്പെടുന്നത്. ഫോണുകളിലേക്കും ഇത്തരം തട്ടിപ്പുകള്‍ എത്തിയിട്ടുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ നല്‍കിയ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് കുറച്ചു കൂടി വിവരങ്ങള്‍ അറിയാനുണ്ടെന്നോ നല്‍കിയ വിവരങ്ങള്‍ വീണ്ടും ഉറപ്പിക്കണമെന്നോ ആവശ്യപ്പെട്ടാണ് തട്ടിപ്പുകാര്‍ ആദ്യം ആളുകളെ സമീപിക്കുന്നത്.
തട്ടിപ്പിന്റെ രീതി
ആദായ നികുതി വകുപ്പില്‍ നിന്നെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിക്കുന്ന തരത്തിലാണ് ഇവരുടെ സന്ദേശങ്ങള്‍ എത്തുന്നത്. ഇവര്‍ അയയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ബാങ്കിന്റേത് എന്നു തോന്നിപ്പിക്കുന്ന വെബ്സൈറ്റിലാണ് എത്തുക. പാന്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെടുന്നത്. ചില ഫയലുകള്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നു. അക്കൗണ്ട് വിവരങ്ങള്‍ അടക്കം പണം തട്ടാന്‍ ആവശ്യമായ വ്യക്തിഗത വിവരങ്ങളാണ് ഇവര്‍ ചോദിച്ച് അറിയുന്നത്.
ഇത്തരത്തില്‍ തട്ടിപ്പുകാര്‍ ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടാല്‍ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് (https://incometaxindia.gov.in/) സന്ദര്‍ശിച്ച് റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇത്തരം സന്ദേശങ്ങള്‍ ഒരുപാട് പേര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരും പണമൊന്നും നഷ്ടപ്പെട്ടതായി പരാതികളുമായി എത്തിയിട്ടില്ലെന്ന് കേരളാ സൈബര്‍ പോലീസ് അറിയിച്ചു. എന്നാല്‍ വരും നാളുകളില്‍ തട്ടിപ്പുകളില്‍ പെടാതിരിക്കാനുളള ജാഗ്രത ജനങ്ങള്‍ പുലര്‍ത്തണമെന്നും അധികൃതര്‍ പറഞ്ഞു.
നികുതി ദായകരോട് ഓര്‍മപ്പെടുത്തലുമായി വകുപ്പ്
വരുമാനം കുറച്ച് കാട്ടുക, ചെലവുകള്‍ പെരുപ്പിച്ച് കാണിക്കുക തുടങ്ങിയ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ച് നികുതി ആനുകൂല്യം നേടിയെടുക്കാനുളള ഏതൊരു നീക്കവും ഗൗരവമുളളതാണെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ശിക്ഷാര്‍ഹമായ കുറ്റമാണിതെന്ന് എല്ലാ നികുതി ദായകരും ഓര്‍ക്കേണ്ടതുണ്ട്. റീഫണ്ട് വൈകാനും ഇത് കാരണമാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഞ്ചു കോടിയിലധികം ആളുകള്‍ ജൂലൈ 26 വരെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചു കഴിഞ്ഞു.
ഐ.ടി.ആർ ഇ-വെരിഫൈ ചെയ്തില്ലെങ്കിൽ ഫയലിംഗ് പ്രക്രിയ അപൂർണ്ണമാണെന്ന കാര്യം വിസ്മരിക്കരുത്. മാത്രമല്ല നിങ്ങളുടെ ഐ.ടി.ആർ അസാധുവാകാനും ഇതു കാരണമാകും. റിട്ടേണുകൾ സമർപ്പിച്ച് 30 ദിവസത്തിനുള്ളിലാണ് റിട്ടേൺ ഇ-വെരിഫൈ ചെയ്യേണ്ടത്. ഇ വെരിഫൈചെയ്താൽ മാത്രമാണ് റീ ഫണ്ട് ലഭിക്കുക. ഇതിനായി ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ സന്ദർശിക്കേണ്ടതാണ്.
സാങ്കേതിക തടസ്സങ്ങള്‍ ഉളളതായി പരാതി
റിട്ടേൺ സമർപ്പിക്കുന്നതിന് ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റുകളില്‍ അടക്കം സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുന്നതായി നികുതി ദായകര്‍ പരാതിപ്പെടുന്നുണ്ട്. ഇൻഫോസിസ്, ഹിറ്റാച്ചി, ഐ.ബി.എം. തുടങ്ങിയ കമ്പനികളാണ് വകുപ്പിന്റെ പോർട്ടലിനായി സേവനങ്ങൾ പരിപാലിക്കുന്നത്. പരാതികൾ പരിഹരിച്ച് ജനങ്ങളുടെ സമയ നഷ്ടം പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രത്യക്ഷ നികുതിബോർഡ് ചെയർമാൻ രവി അഗർവാൾ അറിയിച്ചു.