സോളാര്‍ വൈദ്യുതിയില്‍ ഇന്ത്യന്‍ കുതിപ്പ് ശരവേഗത്തില്‍; ജപ്പാനെയും പിന്നിലാക്കി

2030 ആകുമ്പോഴേക്കും സോളാര്‍ വൈദ്യുതി മൊത്തം ആവശ്യകതയുടെ 22 ശതമാനത്തില്‍ എത്തുമെന്നാണ് നിഗമനം

Update:2024-05-11 12:48 IST

Image: Canva

സോളാര്‍ വൈദ്യുതി ഉല്‍പാദനത്തില്‍ അതിശക്തമായ കുതിപ്പ് നടത്തി ഇന്ത്യ. 2015ല്‍ മൊത്തം വൈദ്യുതിയുടെ വെറും 0.5 ശതമാനം മാത്രമായിരുന്നു സോളാറിന്റെ സമ്പാദ്യം. എന്നാല്‍ 2023ലെത്തി നില്‍ക്കുമ്പോള്‍ ഇത് 5.8 ശതമാനത്തിലേക്ക് കുത്തനെ ഉയര്‍ന്നു.

വരും വര്‍ഷങ്ങളില്‍ വളര്‍ച്ച ഇരട്ടി വേഗത്തിലാകും. 2023ല്‍ ഏറ്റവും കൂടുതല്‍ സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ കുതിപ്പ് നടത്തി. ജപ്പാനെ മറികടന്ന് മൂന്നാംസ്ഥാനത്തെത്തി. ചൈന, യു.എസ്.എ എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. എംബര്‍ പ്രസിദ്ധീകരിച്ച 'ഗ്ലോബല്‍ ഇലക്ട്രിസിറ്റി റിവ്യൂ' റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇത്തവണ നാലാം സ്ഥാനത്താണ് ജപ്പാന്‍. ജര്‍മ്മനി (5), ബ്രസീല്‍ (6), ഓസ്‌ട്രേലിയ (7), സ്‌പെയിന്‍ (8), ഇറ്റലി (9), ദക്ഷിണ കൊറിയ (10) എന്നീ രാജ്യങ്ങളാണ് പട്ടികയിലെ ആദ്യ പത്തിലിടം നേടിയ രാജ്യങ്ങള്‍.
2015ല്‍ നിന്ന് വന്‍വളര്‍ച്ച
2015ല്‍ ഇന്ത്യയിലെ സോളാര്‍ വൈദ്യുതിയുടെ സംഭാവന നാമമാത്രമായിരുന്നു. ലോക റാങ്കിംഗില്‍ ഒന്‍പതാം സ്ഥാനമായിരുന്നു അന്ന് ഇന്ത്യയ്ക്കുണ്ടായിരുന്നത്. സര്‍ക്കാര്‍ തലത്തില്‍ സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതും കൂടുതല്‍ കമ്പനികള്‍ കടന്നുവന്നതും സോളാര്‍ മേഖലയ്ക്ക് ഉണര്‍വേകിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2023ല്‍ മൊത്തം വൈദ്യുതിയുടെ ആഗോള തലത്തിലെ ഉല്‍പാദനം 5.5 ശതമാനം ആയിരുന്നെങ്കില്‍ ഇന്ത്യയിലിത് 5.8 എന്ന നിലയിലായിരുന്നു. അതിവേഗം സോളാര്‍ വിപണിയില്‍ രാജ്യം വളരുന്നുവെന്നതാണ് ഇത് കാണിക്കുന്നത്. 2015നെ അപേക്ഷിച്ച് 2023ലെത്തുമ്പോള്‍ സോളാറില്‍ നിന്നുള്ള വൈദ്യുതി ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും സോളാര്‍ വൈദ്യുതി മൊത്തം ആവശ്യകതയുടെ 22 ശതമാനത്തില്‍ എത്തുമെന്നാണ് നിഗമനം.
വിപണിക്ക് കരുത്തായി സര്‍ക്കാര്‍ സഹായം
പി.എം സൂര്യ ഘര്‍, മുഫ്ത് ബിജ്ലി യോജ്ന എന്നീ സോളാര്‍ പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 75,021 കോടി രൂപ വകയിരുത്തിയിരുന്നു. ഒരു കോടി കുടുംബങ്ങളില്‍ പ്രതിമാസം 300 യൂണിറ്റ് സൗജന്യമായി ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കേണ്ട സോളാര്‍ പാനല്‍ അടക്കമുള്ള സംവിധാനത്തിന് സബ്‌സിഡി നല്‍കും.
പദ്ധതിയിലേക്കായി ഇതിനകം ഒരുകോടിയിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് കിലോവാട്ട് വരെശേഷിയുള്ള സോളാര്‍ സിസ്റ്റത്തിനാണ് സബ്‌സിഡി ലഭിക്കുക. രണ്ട് കിലോവാട്ട് വരെ ശേഷിയുള്ളവയ്ക്ക് 60 ശതമാനം, രണ്ട് കിലോവാട്ടിന് മുകളില്‍ മൂന്ന് കിലോവാട്ട് വരെ ശേഷിയുള്ളവയ്ക്ക് 40 ശതമാനവുമാണ് സബ്‌സിഡി ലഭിക്കുക. ഇതുപ്രകാരം ഒരു കിലോവാട്ടിന് 30,000 മുതല്‍ മൂന്ന് കിലോവാട്ടിന് 78,000 രൂപവരെ സബ്‌സിഡി ലഭിക്കും.
Tags:    

Similar News