ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോ നാലാം പതിപ്പിന് കൊച്ചിയില്‍ തുടക്കമായി; മേള ഞായറാഴ്ച വരെ

45-ഓളം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പ്രദര്‍ശനത്തിന് പ്രതീക്ഷിക്കുന്നത് 3500-ലേറെ ബിസിനസ് സന്ദര്‍ശകരെ

Update: 2022-03-25 14:25 GMT

മൂന്ന് പതിപ്പിലൂടെ രാജ്യത്തെ ബോട്ട്, മറൈന്‍ വ്യവസായങ്ങളുടെ മുന്‍നിര പ്രദര്‍ശനമായി വളര്‍ന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) നാലാമത് പതിപ്പിന് ഇന്ന് (മാര്‍ച്ച് 25) കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ തുടക്കമായി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കേരള മേഖലാ ഡിഐജി എന്‍. രവി് ഉദ്ഘാടനം ചെയ്തു. രാവിലെ സംഘാടകരായ ക്രൂസ് എക്സ്പോസ് ഡയറക്ടര്‍ ജോസഫ് കുര്യാക്കോസ്, ഐഡബ്ല്യുഎഐ ഡയറക്ടര്‍ മാത്യു ജോര്‍ജ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ക്യാപ്റ്റന്‍ ജോസഫ് ആലപ്പാട്ട്, ഫിക്കി സംസ്ഥാന കൗണ്‍സില്‍ ചെയര്‍മാന്‍ ദീപക് അസ്വാനി, ഡോസ്റ്റാസ് പ്രസിഡന്റ് ആഷിക് സുബഹാനി എന്നിവര്‍ പ്രസംഗിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് 6 മണി വരെയാണ് പ്രദര്‍ശനസമയം.




സ്പീഡ് ബോട്ടുകള്‍, എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, ജലകായികവിനോദ (വാട്ടര്‍സ്പോര്‍ട്സ്) ഉല്‍പ്പന്ന നിര്‍മാതാക്കള്‍, ഉപകരണങ്ങള്‍, മറ്റ് അനുബന്ധ സേവനദാതാക്കള്‍ തുടങ്ങി 45-ഓളം സ്ഥാപനങ്ങളാണ് ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. ഈ മേഖലയില്‍ നിന്നുള്ള 3500-ലേറെ ബിസിനസ് സന്ദര്‍ശകരേയും പ്രതീക്ഷിക്കുന്നു.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍കോം ഇന്റര്‍നാഷനല്‍ മേളയില്‍ അവതരിപ്പിക്കുന്ന വിപ്ലവകരമായ ഹൈബ്രിഡ്് ഡീസല്‍-ഇലക്ട്രിക് ബോട്ട് പ്രൊപ്പല്‍ഷന്‍ സിസ്റ്റം ആദ്യദിവസം തന്നെ ഏറെ ബിസിനസ് സന്ദര്‍ശകരെ ആകര്‍ഷിച്ചു. ഇതിനു പുറമെ മറൈന്‍ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഒരു നീണ്ട നിരയും എല്‍കോം അവതരിപ്പിക്കുന്നുണ്ട്.



ക്ലച്ച് വിടുവിച്ചാല്‍ ബോട്ട് പൂര്‍ണമായും ബാറ്ററി പവറില്‍ പ്രവര്‍ത്തിക്കുമെന്നതാണ് ഹെബ്രിഡ്് ഡീസല്‍-ഇലക്ട്രിക് ബോട്ട് പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തി്ന്റെ സവിശേഷത. ബൂസ്റ്റര്‍ മോഡില്‍ രണ്ട് പവറുകളുടേയും ഒരുമിച്ചുള്ള പിന്തുണയും എന്‍ജിന് ലഭിക്കും. രാജ്യത്തെ ആദ്യത്തെ സീറോ-എമിഷന്‍ ഫെറിയില്‍ ഉപയോഗിക്കുന്ന ആദിത്യ 2017 എന്ന സോളാര്‍ ബോട്ടിലൂടെ പ്രശസ്തമായ നവാള്‍ട്ടും സോളാര്‍ ബോട്ടുകളുടെ ഉല്‍പ്പന്നനിരയുമായി മേളയിലുണ്ട്.
നവ്നിത് മറൈന്റെ സ്റ്റാളിലുള്ള മാന്റ് 5 എന്ന വാട്ടര്‍ സൈക്ക്ളും മേളയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. പെഡലുപയോഗിച്ച് ചവിട്ടിയും ഇലക്ട്രിക് പവറുപയോഗിച്ചും വെള്ളത്തില്‍ സവാരി ചെയ്യാവുന്ന വാട്ടര്‍ സൈക്ക്ളാണ് മാന്റ5.
കെ-ബിപ്, കെഎംആര്‍എല്‍, കെഎംബി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ഐഡബ്ല്യുഎഐ, നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഐഎംയു എന്നീ സ്ഥാപനങ്ങളുടെ അംഗീകാരവും പിന്തുണയും ഐബിഎംസിനുണ്ട്. ഈ മേഖലയിലെ 25 കേരളീയ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇന്‍ഡസ്ട്രി പവലിയനും കെ-ബിപിന്റെ കീഴില്‍ മേളയിലുണ്ട്.


Similar News