ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് കുതിച്ചു ചാട്ടത്തിന് തയ്യാറെടുത്ത് ഇന്ത്യ

1,350 പേറ്റന്‍റുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്ത്

Update:2024-07-09 14:58 IST

Representational Image From Canva

ജന്‍ എ.ഐ (GenAI) കണ്ടുപിടിത്തങ്ങളില്‍ ഏറ്റവും ഉയർന്ന ശരാശരി വാർഷിക വളർച്ചയുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ ജനറേറ്റിവ് എ.ഐയിലെ വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി ഓര്‍ഗനൈസേഷന്‍ (ഡബ്ലിയു.ഐ.പി.ഒ) പേറ്റന്റ്‌ ലാൻഡ്‌സ്‌കേപ്പ് റിപ്പോർട്ട് അനുസരിച്ച് 2014-2023 കാലഘട്ടത്തില്‍ 1,350 പേറ്റന്റുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ് ഉളളത്. ഏകദേശം 40,000 കണ്ടുപിടുത്തങ്ങളോടെ ചൈനയാണ് പട്ടികയിൽ ഒന്നാമതുളളത്. രണ്ടാം സ്ഥാനത്തുളള യു.എസിനേക്കാള്‍ ആറിരട്ടി കൂടുതൽ പേറ്റന്റുകളാണ് ചൈന നേടിയിട്ടുളളത്. റിപ്പബ്ലിക് ഓഫ് കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് പേറ്റന്റുകളുടെ കാര്യത്തില്‍ മൂന്നും നാലും സ്ഥാനത്തുളളത്.
ഈ കാലയളവില്‍ ഇന്ത്യ എ.ഐ സംബന്ധമായ 75,000 ശാസ്ത്രീയ ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ 25 ശതമാനത്തിലധികം ജന്‍ എ.ഐ പേറ്റന്റുകളും പ്രസിദ്ധീകരിച്ചത് 2023 ൽ മാത്രമാണ് എന്നതും ശ്രദ്ധേയമാണ്. ജന്‍ എ.ഐ ശാസ്ത്ര പ്രബന്ധങ്ങള്‍ 45 ശതമാനവും പ്രസിദ്ധീകരിച്ചതും കഴിഞ്ഞ കൊല്ലമാണ്. ചിത്രം, വീഡിയോ ഡാറ്റകളാണ് ജന്‍ എ.ഐ പേറ്റന്റുകളിൽ ആധിപത്യം പുലർത്തുന്നത്, ടെക്സ്റ്റും പ്രഭാഷണവും/സംഗീതവുമാണ് തൊട്ടു പിറകിലുളളത്. 2030 ഓടെ ഇന്ത്യയുടെ ജി.ഡി.പി 359-438 ബില്യൺ വരെ വർദ്ധിപ്പിക്കാൻ ജന്‍ എ.ഐക്ക് കഴിയുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
പട്ടികയിൽ ചൈനീസ് കമ്പനികള്‍ ആധിപത്യം പുലർത്തുന്നു
റിപ്പബ്ലിക് ഓഫ് കൊറിയ 4,155 പേറ്റന്റ്‌ അപേക്ഷകളും ജപ്പാന്‍ 3,409 പേറ്റന്റ്‌ അപേക്ഷകളുമാണ് നല്‍കിയിട്ടുളളത്. നമ്മള്‍ ജീവിക്കുന്നതും ജോലി ചെയ്യുന്നതുമായ അവസ്ഥകളെ മാറ്റാൻ കഴിവുള്ള വിപ്ലവകരമായ സാങ്കേതികവിദ്യയാണ് ജന്‍ എ.ഐ എന്ന് ഡബ്ലിയു.ഐ.പി.ഒ ഡയറക്ടർ ജനറൽ ഡാരെൻ ടാങ് പറയുന്നു.
മികച്ച 10 പേറ്റന്റ്‌ അപേക്ഷകരെയും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പട്ടികയിൽ ചൈനീസ് കമ്പനികളാണ് ആധിപത്യം പുലർത്തുന്നത്. ചൈന ആസ്ഥാനമായുള്ള ടെൻസെന്റ്‌ ഗ്രൂപ്പാണ് 2,074 പേറ്റന്റ് കണ്ടുപിടിത്തങ്ങളുമായി അപേക്ഷകരില്‍ മുന്നിൽ. പിംഗ് ആൻ ഇൻഷുറൻസ് (1,564), ബൈഡു (1,234), ചൈനീസ് അക്കാദമി ഓഫ് സയൻസസ് (607), ഐ.ബി.എം (601), ആലിബാബ ഗ്രൂപ്പ് (571), സാംസങ് ഇലക്ട്രോണിക്സ് (468), ആൽഫബെറ്റ് (443), ബൈറ്റ്ഡാൻസ് (418), മൈക്രോസോഫ്റ്റ് (377) എന്നിങ്ങനെയാണ് ആദ്യ പത്ത് അപേക്ഷകർ.
Tags:    

Similar News