അഞ്ചു വര്‍ഷം, 100 ബില്യണ്‍ ഡോളറിന്റെ അവസരങ്ങള്‍ ; തിളങ്ങും ഈ മേഖല

സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വേണ്ട പരിഗണന ലഭിച്ചാല്‍ ഇലക്ട്രോണിക്‌സ് വ്യവസായ മേഖല വന്‍ കുതിപ്പ് നടത്തുമെന്ന് പഠനം

Update:2020-11-18 18:53 IST

അഞ്ച് വര്‍ഷത്തിനുള്ളില്‍ ലാപ്‌ടോപ്പ്, ടാബ് ലറ്റ് തുടങ്ങിയവയുടെ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് 100 ബില്യണ്‍ ഡോളറിന്റെ അവസരങ്ങള്‍ ഉണ്ടാകുമെന്ന് ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ) ഏണസ്റ്റ് യംഗുമായി സഹകരിച്ച് നടത്തിയ പഠനം. ആത്മനിര്‍ഭര്‍ ഭാരത്: ഇന്ത്യാസ് ടേണിംഗ് പോയ്ന്റ് എന്ന പേരിലുള്ള പഠനത്തിലാണ് പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് അടക്കമുള്ള സൗകര്യങ്ങള്‍ ഈ മേഖലയ്ക്ക് കൂടി ലഭ്യമാക്കിയാല്‍ വലിയ സാധ്യതകള്‍ തുറക്കുമെന്ന് പറയുന്നത്.

ഇന്ത്യയെ ലാപ്‌ടോബ്, ടാബ് ലറ്റ് പോലുള്ള ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണകേന്ദ്രമാക്കുകയും കയറ്റുമതി ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്താല്‍ 2025 ഓടെ 100 ബില്യണ്‍ ഡോളറിന്റെ ബിസിനസ് നേടാനാവുമെന്നാണ് പഠനത്തില്‍ പറയുന്നത്.

നിലവില്‍ മൊബീല്‍ ഫോണ്‍, അനുബന്ധ നിര്‍മാണങ്ങളില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ക്ക് 4-6 ശതമാനം ഇന്‍സന്റീവ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മറ്റു മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. അടുത്ത വര്‍ഷത്തോടെ ആഗോള ലാപ്‌ടോബ്, ടാബ്‌ലറ്റ് വിപണി 220 ബില്യണ്‍ ഡോളറിന്റേതാകും. ഇന്ത്യയില്‍ മാത്രം ഏഴ് ബില്യണ്‍ ഡോളറിന്റെ വിപണിയുണ്ടാകും. നിലവില്‍ രാജ്യത്ത് ആകെ ആവശ്യമായ ലാപ് ടോപുകളില്‍ 87 ശതമാനവും ടാബ്‌ലറ്റുകളില്‍ 63 ശതമാനവും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. 2014-15 മുതല്‍ 2019-20 കാലയളവില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വയര്‍ കമ്പനികളുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 3.8 ശതമാനം മാത്രമാണ്. അതേസമയം മൊബീല്‍ ഫോണുകളുടേത് 64 ശതമാനവും ഇലക്ട്രോണിക്‌സ് വിപണിയുടെ മൊത്തത്തിലുള്ള വളര്‍ച്ചാ നിരക്ക് 23.5 ശതമാനവുമാണ്.

മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയിലെത്തുന്നതോടെ അഞ്ചു ലക്ഷം തൊഴിലവസരങ്ങളും 1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും രാജ്യത്ത് ഉണ്ടാകുമെന്ന് പഠനത്തില്‍ പറയുന്നു.

Tags:    

Similar News