കാലവര്‍ഷം പകുതി പിന്നിട്ടപ്പോള്‍ കേരളത്തിലെ മഴയില്‍ മൂന്നിലൊന്ന് കുറവ്
ഓഗസ്റ്റ്-സെപ്റ്റംബര്‍ ഇന്ത്യയില്‍ 'സാധാരണ' മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കാലവര്‍ഷം പകുതി പിന്നിട്ടപ്പോള്‍ കേരളത്തില്‍ മഴയില്‍ 35% കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ്. ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1301.7 മില്ലിമീറ്ററായിരിക്കെ, ഇതുവരെ ലഭിച്ചത് 852 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലും സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
രാജ്യത്താകെ മഴ കുറയും
ജൂലൈയിലെ അധിക മഴയ്ക്ക് ശേഷം ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയില്‍ 'സാധാരണ' മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) അറിയിച്ചു. ഓഗസ്റ്റിലെ മണ്‍സൂണ്‍ മഴ ദീര്‍ഘകാല ശരാശരിയുടെ (എല്‍.പി.എ) 94 ശതമാനത്തില്‍ താഴെയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.
ഓഗസ്റ്റ് 17 ന് വരെ കുറഞ്ഞു തന്നെ
ഓഗസ്റ്റ് 5 മുതല്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ വളരെ കുറവായിരിക്കുമെന്നും ഓഗസ്റ്റ് 17 ന് ശേഷം മെച്ചപ്പെട്ട രീതിയില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. മണ്‍സൂണ്‍ മഴയുടെ 30 ശതമാനവും വരുന്ന ഓഗസ്റ്റിലെ മഴ സാധാരണയിലും താഴെയാകുമ്പോള്‍ അത് ഖാരിഫ് വിളകളെ പ്രതികൂലമായി ബാധിക്കും.