അവർ എനിക്കൊരു പിഗ്ഗി ബാങ്ക് തന്നു; ഒരു എക്കൗണ്ടും; അതെപ്പോഴും കാലിയായിരുന്നു: മോദി

Update: 2018-09-03 08:55 GMT

എംഎൽഎ ആകുന്നതിന് മുൻപ് വരെ സജീവമായൊരു ബാങ്ക് എക്കൗണ്ട് തനിക്കുണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ ഉദ്‌ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

സ്കൂളിൽ പഠിക്കുമ്പോൾ ഒരിക്കൽ ദേനാ ബാങ്കുകാർ അവിടത്തെ കുട്ടികൾക്കെല്ലാവർക്കുമായി ഓരോ പിഗ്ഗി ബാങ്കുകൾ നൽകി. ഒപ്പം എല്ലാവർക്കും ബാങ്ക് എക്കൗണ്ടും തുറന്നു കൊടുത്തു. എനിക്കും കിട്ടി പിഗ്ഗി ബാങ്കും എക്കൗണ്ടും. പക്ഷെ എന്റെ എക്കൗണ്ട് എന്നും കാലിയായിരുന്നു, തന്റെ സ്കൂൾ വിദ്യാഭ്യാസ കാലത്തെ കാര്യങ്ങൾ ഓർമ്മിച്ചെടുക്കുന്നതിനിടയിൽ മോദി പറഞ്ഞു.

"പിന്നീട് ഞാൻ ഗ്രാമം വിട്ടു. 32 വർഷങ്ങൾക്ക് ശേഷം എക്കൗണ്ട് ക്ലോസ് ചെയ്യണം എന്നാവശ്യപ്പെട്ട് ബാങ്കുകാർ എന്നെ അന്വേഷിച്ചെത്തി. പിന്നെ, ഗുജറാത്തിൽ എംഎൽഎ ആയതിന് ശേഷം ശമ്പളം കിട്ടിത്തുടങ്ങിയപ്പോഴാണ് എക്കൗണ്ട് തുടങ്ങിയത്," അദ്ദേഹം പറഞ്ഞു.

ഓരോ പൗരനും വീട്ടുപടിക്കൽ ബാങ്കിംഗ് സേവനം എത്തിക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് സെപ്റ്റംബർ ഒന്നു മുതൽ പ്രവർത്തനം ആരംഭിച്ചു. അതിന്റെ ഉദ്‌ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ഓർമ്മിച്ചെടുത്തത്.

Similar News