ഇറാന്റെ തന്ത്രപ്രധാന തുറമുഖം ഇനി ഇന്ത്യയുടെ കൈയില്‍; ചൈനയ്ക്ക് ഞെട്ടല്‍

തുറമുഖം ഏറ്റെടുത്ത് പകരം ഇറാനില്‍ നിന്നുള്ള എണ്ണ വാങ്ങാമെന്ന ചൈനീസ് ഓഫര്‍ പാളി

Update:2024-05-14 11:58 IST

Image: Canva

ഇറാനിലെ ചബഹര്‍ തുറമുഖത്തിന്റെ നടത്തിപ്പ് അവകാശം സ്വന്തമാക്കി ഇന്ത്യ. മധ്യേഷ്യയിലേക്കുള്ള വ്യാപാര വാതിലായ ചബഹറിന്റെ നിയന്ത്രണം കൈവന്നത് ഇന്ത്യയ്ക്ക് വലിയ വിജയമായി മാറി. അടുത്ത 10 വര്‍ഷത്തേക്കാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. ആദ്യമായാണ് ഇന്ത്യ വിദേശത്തൊരു തുറമുഖത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നത്.

കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഇറാനിലെത്തിയാണ് കരാറില്‍ ഒപ്പിട്ടത്. ഇന്ത്യ പോര്‍ട്ട് ഗ്ലോബല്‍ ലിമിറ്റഡും (ഐ.പി.ജി.എല്‍.) ഇറാനിലെ പോര്‍ട്ട് ആന്‍ഡ് മാരിടൈം ഓര്‍ഗനൈസേഷനുമാണ് കരാറില്‍ ഒപ്പുവച്ചത്. ഇറാന്റെ റോഡ്-നഗര വികസനമന്ത്രി മെഹര്‍സാദ് ബസര്‍പാഷും പങ്കെടുത്തു.

തന്ത്രപരമായ നീക്കം

ചബഹര്‍ തുറമുഖം ഇന്ത്യയുടെ നിയന്ത്രണത്തിലേക്ക് എത്തുന്നത് ചൈനയ്ക്ക് വലിയ തിരിച്ചടിയാകും. മേഖലയിലെ രാജ്യങ്ങളെ തന്ത്രപരമായി ചേര്‍ത്തുനിര്‍ത്തി ഇന്ത്യയ്‌ക്കെതിരേ സമീപകാലത്ത് പലനീക്കങ്ങളും ചൈന നടത്തിയിരുന്നു. ചൈന ഏറ്റെടുത്ത പാക്കിസ്ഥാന്റെ ഗ്വാദര്‍ തുറമുഖവുമായി വളരെ അടുത്താണെന്നത് ചബഹറിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

ചബഹറില്‍ നിന്ന് ഗ്വാദറിലേക്കുള്ള ദൂരം വെറും 72 കിലോമീറ്റര്‍ മാത്രമാണ്. പാക്-ചൈന സാമ്പത്തിക ഇടനാഴിയെയും മേഖലയിലെ ചൈനീസ് സാന്നിധ്യത്തെയും നേരിടാന്‍ ഇറാന്‍ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യയെ ഒരുപരിധിവരെ സഹായിക്കും. മാത്രമല്ല മധ്യേഷന്‍ രാജ്യങ്ങളിലേക്ക് വ്യാപാര റൂട്ട് തുറക്കാനും ഇതുവഴി ഇന്ത്യയ്ക്ക് എളുപ്പമാകും.

മുന്നറിയിപ്പുമായി യു.എസ്

ചബഹര്‍ തുറമുഖം ഇന്ത്യന്‍ നിയന്ത്രണത്തിലേക്ക് വന്നതില്‍ യു.എസിന് ആശങ്കയുണ്ടെന്ന് തെളിയിക്കുന്നതായി അവരുടെ ആദ്യ പ്രതികരണം. ഇറാനുമായുള്ള വ്യാപാരബന്ധം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. എന്നാല്‍ ഇറാനുമേല്‍ ചുമത്തിയിട്ടുള്ള ഉപരോധം നിലനില്‍ക്കുന്നുവെന്ന കാര്യം വിസ്മരിക്കരുതെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വേദാന്ത് പട്ടേല്‍ പ്രതികരിച്ചത്.

ഇന്ത്യയെ പൂര്‍ണമായി പിണക്കാതെയും എന്നാല്‍ ഇറാനുമായി കൂടുതല്‍ അടുക്കുന്നതിലുള്ള അനിഷ്ടം വ്യക്തമാക്കുന്നതുമായിരുന്നു വേദാന്ത് പട്ടേലിന്റെ വാക്കുകള്‍. യുക്രൈയ്ന്‍ അധിനിവേശ സമയത്ത് റഷ്യയില്‍ നിന്ന് വിലകുറച്ച് എണ്ണ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചപ്പോഴും ബൈഡന്‍ ഭരണകൂടം അനിഷ്ടം പ്രകടിപ്പിച്ചിരുന്നു.

ചൈനയെ തള്ളി ഇന്ത്യയെ ചേര്‍ത്തുനിര്‍ത്തി

ചബഹര്‍ തുറമുഖത്തിന്റെ നിര്‍മാണം തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. എന്നാല്‍ അമേരിക്കന്‍ ഉപരോധവും സാമ്പത്തിക പ്രതിസന്ധികളും പദ്ധതിയെ പിന്നോട്ടടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2016ല്‍ ഇറാന്‍ സന്ദര്‍ശിച്ചപ്പോള്‍ മുതല്‍ ചബഹര്‍ തുറമുഖം ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നു. ഇടയ്ക്ക് തുറമുഖത്തേക്കുള്ള റെയില്‍പ്പാതയുടെ നിര്‍മാണത്തില്‍ ഇന്ത്യയെ ഒഴിവാക്കി ചൈനയെ ഏല്‍പ്പിക്കാന്‍ നീക്കം നടന്നിരുന്നു.

ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ കാലതാമസമായിരുന്നു കാരണം. ഇതിനു പിന്നാലെ ചബഹറിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ചൈന ശ്രമം നടത്തി. 25 വര്‍ഷത്തെ പാട്ടത്തിന് തുറമുഖം ഏറ്റെടുത്ത് പകരം ഇറാനില്‍ നിന്നുള്ള എണ്ണ വാങ്ങാമെന്നതായിരുന്നു ചൈനീസ് ഓഫര്‍. പക്ഷേ ചൈനയുടെ ഈ നീക്കം നടന്നില്ലെന്ന് മാത്രമല്ല തുറമുഖം ഇന്ത്യയുടെ കൈയിലേക്ക് എത്തുകയും ചെയ്തു. അമേരിക്കന്‍ ഉപരോധസമയത്ത് തുറമുഖ നിര്‍മാണത്തിനായി സഹകരിച്ച ഏകരാജ്യം ഇന്ത്യയായിരുന്നു.

Tags:    

Similar News