ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് 40,000 കോടിയുടെ പാലം, സാധ്യത കൂടുതല്‍ തെളിയുന്നു
രാമേശ്വരത്ത് നിന്നും 23 കിലോമീറ്റര്‍ നീളത്തില്‍ പാലം
ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിച്ച് പാലം നിര്‍മിക്കുന്നതിന്റെ സാധ്യതാ പഠനം അവസാനഘട്ടത്തിലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ. സാധ്യതാ പഠനത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയായെന്നും അന്തിമഘട്ട പഠനം ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യയിലെത്തിയ വിക്രമസിംഗെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. അടുത്ത ആഴ്ച ശ്രീലങ്ക സന്ദര്‍ശിക്കുന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ശ്രീലങ്കന്‍ അധികൃതര്‍ ഇതടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടത്തും.
23 കിലോമീറ്റർ പാലം
ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലെ ട്രിങ്കോമാലി, കൊളംബോ തുറമുഖം എന്നിവിടങ്ങളെ ബന്ധിപ്പിക്കാനുള്ള പദ്ധതിയാണ് ശ്രീലങ്ക മുന്നോട്ടുവയ്ക്കുന്നത്. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്നും തലൈമന്നാറിലേക്ക് പോകുന്ന പാലത്തിന് 23 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പാക് കടലിടുക്കിന് കുറുകെ വാഹനങ്ങള്‍ക്ക് പോകാനുള്ള റോഡും റെയില്‍വേ ലൈനുമാണ് വിഭാവനം ചെയ്യുന്നത്. 40,000 കോടി രൂപ ചെലവാകുമെന്ന് കണക്കാക്കുന്ന പദ്ധതിക്ക് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് അടക്കമുള്ളവര്‍ സാമ്പത്തിക സഹായം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
പാലം പണി പൂർത്തിയായാല്‍ ശ്രീലങ്കയുടെ ഊര്‍ജ, വിനോദസഞ്ചാര, സാംസ്‌കാരിക മേഖലകളില്‍ വലിയ മാറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്കുനീക്കം വ്യോമ-കപ്പല്‍ മാര്‍ഗങ്ങളിലൂടെയാണ് സാധ്യമാകുന്നത്. പാലം വരുന്നതോടെ ചരക്കുനീക്കം സുഗമവും ചെലവ് കുറഞ്ഞതുമാകും. ഇത് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ഇന്ത്യയുടെ ഏറ്റവും അടുത്ത നയതന്ത്ര പങ്കാളിയായിരുന്ന ശ്രീലങ്ക അടുത്തിടെ ചൈനയുമായി കൂടുതല്‍ അടുക്കുന്നത് ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്. ഇത്തരമൊരു പദ്ധതി സാധ്യമായാല്‍ ശ്രീലങ്കയെ കൂടെനിറുത്തുകയുമാകാം.
വെല്ലുവിളികളേറെ
ഇരുരാജ്യങ്ങളെയും വേര്‍തിരിക്കുന്ന പാക് കടലിടുക്കിന് കുറുകെ പാലം നിര്‍മിക്കുന്നതിന് പാരിസ്ഥിതികവും സാമൂഹ്യവും രാഷ്ട്രീയവുമായ ഒട്ടേറെ വെല്ലുവിളികളെ അതിജീവിക്കേണ്ടതുണ്ട്. പദ്ധതി പരിസ്ഥിതിയെ ദ്രോഹിക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന പഠനങ്ങള്‍ അത്യാവശ്യമാണ്. മേഖലയിലെ കാലാവസ്ഥയും പാലം നിര്‍മാണത്തെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തണം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ചെന്ന് വിശ്വസിക്കുന്ന രാമസേതു അല്ലെങ്കില്‍ ആഡംസ് ബ്രിഡ്‌ജിന്റെ അവശിഷ്ടങ്ങള്‍ പാക് കടലിടുക്കില്‍ ഇപ്പോഴും കാണാന്‍ കഴിയും. ഈ ചരിത്ര നിര്‍മിതികള്‍ക്ക് നാശം സംഭവിക്കാതെയാകണം നിര്‍മാണമെന്ന് ഇതിനോടകം തന്നെ പരിസ്ഥിതി വാദികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.