ഈ വര്‍ഷം അമേരിക്കയിലേക്ക് പോയത് 1 ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

യുഎസ് സ്റ്റുഡന്റ് വിസയില്‍ ചൈനയെ ഇന്ത്യ മറികടന്നു. കണക്ക്, കംപ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിംഗ്, ബിസിനസ് മാനേജ്‌മെന്റ് എന്നിവയാണ് യുഎസിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്ന പ്രധാന പഠന മേഖലകള്‍

Update:2022-11-15 12:31 IST

യുഎസില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 2021-22 കാലയളവില്‍ 19 ശതമാനം വര്‍ധനവ്. മുന്‍വര്‍ഷം 13 ശതമാനം ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇത്തവണ എണ്ണം ഉയര്‍ന്നത്. സ്റ്റുഡന്റ് വിസയുടെ എണ്ണത്തില്‍ ചൈനയെ ഇന്ത്യ മറികടന്നതായി യുഎസ് എംബസി അറിയിച്ചു.

2022 ജൂണ്‍, ജൂലൈ, ഓഗസ്റ്റ് കാലയളവില്‍ 82,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് യുഎസ് വിസ അനുവദിച്ചത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ വിസ ലഭിച്ചവരുടെ എണ്ണം 62,000 ആയിരുന്നു. ഈ വര്‍ഷം ഇതുവരെ ഇന്ത്യയില്‍ 100,000 ലക്ഷത്തിലധികം സ്റ്റുഡന്റ് വിസയാണ് യുഎസ് അനുവദിച്ചത്. ആഗോളതലത്തില്‍, 2022ല്‍ ഇതുവരെ യുഎസ് നല്‍കിയത് 580,000 സ്റ്റുഡന്റ് വിസയാണ്.

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 50,000 ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഈ വര്‍ഷം യുഎസ് വിസ ലഭിച്ചത്. സാധാരണ വര്‍ഷങ്ങളില്‍ 110,000-120,000 ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് യുഎസ് വിസ നല്‍കാറുണ്ട്. 2021-22ലെ കണക്കുകള്‍ പ്രകാരം 9.5 ലക്ഷത്തോളം വിദേശ വിദ്യാര്‍ത്ഥികളാണ് യുഎസിലുള്ളത്. ഇക്കാലയളവില്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണം 80 ശതമാനത്തോളം ആണ് ഉയര്‍ന്നത്. കണക്ക്, കംപ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിംഗ്, ബിസിനസ് മാനേജ്‌മെന്റ് എന്നിവയാണ് യുഎസിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്ന പ്രധാന പഠന മേഖലകള്‍.

Tags:    

Similar News